Kerala
രണ്ടുവയസ്സുകാരന് പോഷകാഹാരക്കുറവുമൂലം മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മീഷന് വിശദീകരണം തേടി
ആലപ്പുഴ | കാര്‍ത്തികപ്പള്ളിയില്‍ രണ്ടുവയസ്സുകാരന് പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മീഷന് വിശദീകരണം തേടി.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രണ്ടുവയസ്സുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം പാല് തൊണ്ടയില്‍ കുടുങ്ങിയതാണെന്നായിരുന്നു പിതാവിന്റെ മൊഴി. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോഷകാഹാരക്കുറവും രക്തക്കുറവും ഉണ്ടായിരുന്നതായി കണ്ടെത്തി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന് കേസെടുത്തത്.
സംഭവത്തില്‍ പോലീസ് നേരത്തേ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇപ്പോള്‍ ബാലാവകാശ കമ്മീഷന് ഇടപെട്ടതോടെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, കുടുംബത്തിന്റെ ജീവിതാവസ്ഥ, കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണവും പോഷണവും ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം നിര്‍ണായകമാകും.
പ്രായത്തിനനുസരിച്ച് ഏകദേശം 12 കിലോഗ്രാം തൂക്കം വേണ്ട കുട്ടിക്ക് ഏഴ് കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നാണ് റിപ്പോര്‍ട്ട്. രാജേഷ്-താര ദമ്പതികള്‍ക്ക് ഏഴ് മക്കളാണുള്ളത്. കുട്ടികള്‍ താമസിച്ചിരുന്ന വീടിന്റെ ശോചനീയാവസ്ഥയും കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങളും സംബന്ധിച്ച് നേരത്തേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. കുടുംബത്തിലെ മറ്റൊരു കുട്ടി ഒരു വര്‍ഷം മുന്‍പ് മരിച്ചതായാണ് വിവരം.
Content Highlights:
The Kerala State Commission for Protection of Child Rights registered a suo motu case following the tragic death of a two-year-old child due to severe malnutrition in Alappuzha. Post-mortem reports revealed the child weighed only 7 kg instead of the required 12 kg. Authorities have sought detailed explanations from local officials regarding the family’s living conditions.



