Kerala
കോടതിയില്‍ പിണറായിക്ക് അനുകൂലം; പ്രതിഷേധം യു ഡി എഫിലേക്കും, സര്‍ക്കാറിന്റെ നിറംകെടുത്തിയെന്ന് കെ കെ രമ
കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ ചിത്രവുമായി ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു
തിരുവനന്തപുരം | സി എം ആര് എല്‍- എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അനുകൂലമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച യു ഡി എഫ് സര്‍ക്കാര്‍ നയത്തിനെതിരായി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പ്രതിഷേധം യു ഡി എഫിലേക്കും പടരുന്നു.
യു ഡി എഫ് സര്‍ക്കാറിന്റെ നിറം കെടുത്തുന്ന നിലപാടാണ് കോടതിയില്‍ ഉണ്ടായതെന്ന ആരോപണവുമായി ആര് എം പി നേതാവ് കെ കെ രമ രംഗത്തുവന്നു. കോണ്‍ഗ്രസ്സിനകത്ത് കലാപം കടുക്കുന്നതിനിടെയാണ് കെ കെ രമയുടെ പ്രതികരണം. അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് നിരാശ ജനകമാണെന്ന് കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പരിഗണിക്കണം. പിണറായി വിജയന് പ്രതിപക്ഷ നേതൃ പദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.
ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷട്രീയ താല്‍പ്പര്യാര്‍ഥമുള്ള വേട്ടകള്‍ക്കായി കേന്ദ്ര ഭരണകക്ഷി സമീപവര്‍ഷങ്ങളില്‍ ദുരുപയോഗം ചെയ്തതിന്റെ നിരവധി അനുഭവങ്ങള്‍ മുന്നിലുണ്ട്. എന്നാല്‍ അത്തരമൊരു വാദത്തിന്റെ പരിചയും പരിരക്ഷയും ഇപ്പോള്‍ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മുന്നിലുയര്ത്താവുന്നതല്ല. ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിവായി കഴിഞ്ഞിട്ടുണ്ട്.
ഒരു സേവനവും ലഭ്യമാക്കാതെ കര്‍ത്തയുടെ കരിമണല്‍ കമ്പനിയില്‍ നിന്ന് പിണറായി വിജയന്റെ മകളുടെ എക്സാലോജിക് കമ്പനിയിലേക്ക് കോടികള്‍ കൈമറിഞ്ഞതിലെ ദുരൂഹതകള്‍ പൊതുസമക്ഷം ആദ്യം കൊണ്ടുവന്നത് ആരെങ്കിലും ഇ ഡിയെ ദുരുപയോഗിച്ചു നടത്തിയ അനേഷണം വഴിയല്ല. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് എന്ന സുപ്രധാനമായ അര്‍ധ ജുഡീഷ്യല്‍ ബോഡിയാണ് കര്‍ത്തയുടെ സി എം ആര് എല്ലില്‍ നിന്ന് വീണയുടെ എക്സാലോജിക്കിലേക്ക് ഒഴുകിയ കോടികള്‍ കമ്പനി ഇടപാടുകളുടെ കണക്കില്‍ പെടുത്താവുന്നതല്ലെന്ന് കണ്ടെത്തിയത്. ഈ വാസ്തവം നിലനില്‍ക്കെ ഇ ഡിയുടെ രാഷ്ട്രീയ വേട്ട എന്ന നിലവിളി ഈ കേസില്‍ സാമാന്യ നിയമബോധമുള്ള മനുഷ്യര്‍ക്കാര്‍ക്കും സ്വീകാര്യമാവില്ലെന്നും രമ പറയുന്നു.
സര്‍ക്കാര്‍ സമീപനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നതിനിടെ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രവുമായി ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല…ഒന്നും മറന്നിട്ടില്ല വിജയാ.. എന്നാണ് ബോര്‍ഡിലെ പരാമര്‍ശം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തില്‍ പലഭാഗത്തും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ഹൈക്കോടതിയില്‍ പിണറായിക്ക് അനുകൂലമായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വിമര്‍ശനവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയാണ്. സര്‍ക്കാര്‍ നിലപാടിനെതിരായ മാത്യു കുഴല്‍ നാടന്റെ വിമര്‍ശനത്തിന് കോണ്‍ഗ്രസില്‍ പിന്തുണയേറുകയാണ്. ഉമ്മന്‍ ചാണ്ടിയെ ബലാത്സംഗക്കേസില്‍പ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും മാത്യു കുഴല്നാടന് ഇന്നലെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു.
Content Highlights:
RMP leader KK Rama criticized the government stand supporting Pinarayi Vijayan in the CMRL-Exalogic case, stating ED hunting claims do not apply. The controversy sparked widespread protests within Congress and UDF circles. Meanwhile, flex boards remembering Oommen Chandy have appeared in Kottayam.

