Connect with us

Kerala

എ കെ ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും, ജിതിന്റെ ഷൂസ് കണ്ടെടുത്തതായി സൂചന

എകെജി സെന്റര്‍ ആക്രമിക്കാന്‍ സ്‌കൂട്ടറും സ്‌ഫോടക വസ്തുവും സംഘടിപ്പിച്ചതിന് പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് നിഗമനം

Published

|

Last Updated

തിരുവനന്തപുരം | എകെജി സെന്റര്‍ ആക്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് ഇയാളെ ്‌ന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആക്രമണ സമയം പ്രതിയായ ജിതിന്‍ ഉപയോഗിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന. ജിതിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്.

എകെജി സെന്റര്‍ ആക്രമിക്കാന്‍ സ്‌കൂട്ടറും സ്‌ഫോടക വസ്തുവും സംഘടിപ്പിച്ചതിന് പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലും സുഹൈലിനെ ചോദ്യം ചെയ്യാന്‍ രണ്ടു പ്രാവശ്യം പോലീസ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. മുഖ്യമന്ത്രിക്കെതിരെ ആക്രണമുണ്ടായ വിമാനത്തില്‍ സുഹൈലും സഞ്ചരിച്ചിരുന്നു.

സുഹൈലിന്റെ ഫോണ്‍ വിശദാംശങ്ങളെടുത്തപ്പോഴാണ് ജിതിനുമായുള്ള അടുപ്പം വ്യക്തമായത്. ജിതിന്‍ ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്ന സ്‌കൂട്ടറും ടീ ഷട്ടും ഇതേവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ കഴക്കൂട്ടം-കുളത്തൂര്‍ ഭാഗങ്ങളില്‍ ജിതിനുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം ജിതിന് സ്‌കൂട്ടറെത്തിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകെയ ചോദ്യം ചെയ്തിട്ടില്ല. ഇവരും ചോദ്യം ചെയ്യുന്നതിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ജിതിന്റെ കസ്റ്റഡി നാളെ അവസാനിക്കും.