Connect with us

Uae

യാത്രക്കാര്‍ക്ക് മുന്‍കൂര്‍ ചെക്ക് ഇന്‍ സൗകര്യമൊരുക്കി എയര്‍ അറേബ്യ; സൗകര്യം അബൂദാബിയിലെ രണ്ടു സിറ്റി ടെര്‍മിനലുകളില്‍

മീന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലിലും അബൂദബി എക്‌സിബിഷന്‍ സെന്ററിലുമാണ് എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി സിറ്റി ചെക്ക് ഇന്‍ സേവനം ലഭ്യമാക്കിയത്.

Published

|

Last Updated

അബൂദബി | തലസ്ഥാന നഗരിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ ചെക്ക് ഇന്‍ സൗകര്യമൊരുക്കി എയര്‍ അറേബ്യ. മീന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലിലും അബൂദബി എക്‌സിബിഷന്‍ സെന്ററിലുമാണ് എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി സിറ്റി ചെക്ക് ഇന്‍ സേവനം ലഭ്യമാക്കിയത്. വിമാന സമയത്തിന് നാലു മണിക്കൂര്‍ മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പു വരെ ഈ കേന്ദ്രങ്ങളില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കുന്നതാണ്.

മുറാഫിക് ഏവിയേഷന്‍ സര്‍വീസിന്റെ കീഴില്‍ അബൂദബി മീന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ രാവിലെ എട്ടു മുതല്‍ രാത്രി 12 വരെ മുന്‍കൂര്‍ ചെക്ക് ഇന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അബൂദബി എക്‌സിബിഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് സേവനം ലഭിക്കുക. മുസ്സഫ-അബൂദബി ഹൈവേയില്‍ നിന്നും നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് എക്‌സിബിഷന്‍ സെന്ററിലെ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

ബാഗേജുകള്‍ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ നേരിട്ട് എമിേ്രഗഷന്‍ വിഭാഗത്തിലേക്ക് പോകാമെന്നതാണ് സിറ്റി ചെക്ക് ഇന്‍ സേവനത്തെ ജനപ്രിയമാക്കുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസപ്രദമാണ് മുന്‍കൂര്‍ ചെക്ക് ഇന്‍ സൗകര്യം. മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹവും കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ചെക്ക് ഇന്‍ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

വിശാലവും സൗജന്യവുമായ പാര്‍ക്കിങ് സൗകര്യം ഇരു കേന്ദ്രങ്ങളിലും ലഭ്യമാണ്. കേരളത്തിലേക്ക് ഏറ്റവും അധികം വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യ, സിറ്റി ചെക്ക് ഇന്‍ സേവനം ഒരുക്കിയത് മലയാളികളായ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.