Kerala
ഊരാളുങ്കലിൻ്റെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാറിൻ്റെതെന്ന് സത്യവാങ്മൂലം
സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ന്യൂഡൽഹി | ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി(യു എൽ സി സി എസ്)യുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാറിൻ്റെ കൈവശമാണെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം. സംസ്ഥാന സർക്കാറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശിയാണ് കേരള സർക്കാറിന് വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. കണ്ണൂരിലെ ഏഴ് നില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നൽകിയിരുന്നു. ഇതിന് എതിരായ ഹരജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കോഴിക്കോട് വടകരയിൽ ആരംഭിച്ച യു എൽ സി സി എസിന് കീഴിൽ സൈബർ പാർക്ക് അടക്കമുള്ള സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്തുടനീളം നിരവധി പദ്ധതികൾ സൊസൈറ്റി പൂർത്തീകരിച്ചിട്ടുണ്ട്.




