Connect with us

Ongoing News

മഴയില്‍ കുതിര്‍ന്ന് അബൂദബി; റോഡുകള്‍ വെള്ളത്തിനടിയില്‍

ശക്തമായ മഴയില്‍ ഉയര്‍ന്ന നിലയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റുകളുടെ അകത്ത് പോലും വെള്ളം കയറി. നഗരത്തിലെ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റി.

Published

|

Last Updated

അബൂദബി | മഴയില്‍ കുതിര്‍ന്ന് യു എ ഇ യുടെ തലസ്ഥാന നഗരിയായ അബൂദബി. തിങ്കളാഴ്ച അര്‍ധ രാത്രിയോടെ തുടങ്ങിയ മഴ ഇന്ന് ഉച്ച വരെ തുടര്‍ന്നു. ഇന്നലെ രാത്രി മഴക്ക് പുറമെ ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും റോഡുകള്‍ മുഴുവനും വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ ഉയര്‍ന്ന നിലയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റുകളുടെ അകത്ത് പോലും വെള്ളം കയറി.

മഴ കാരണം നഗരത്തിലെ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റി. ഹാജര്‍ നില കുറവായത് കാരണം പല ഓഫീസുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. റോഡില്‍ വെള്ളം ഉയര്‍ന്നതോടെ ടാക്‌സി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സര്‍വീസുകള്‍ ഭാഗികമായി നിലച്ചു. ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് കാരണം രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഇന്നലെ തന്നെ അവധി നല്‍കിയിരുന്നു. മഴക്കെടുതി ഇല്ലാതാക്കാന്‍ നഗരസഭയും പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് നടപടി സ്വീകരിച്ചു വരികയാണ്. സാമൂഹിക മാധ്യമങ്ങള്‍ കൂടാതെ റേഡിയോ, ടി വി, തുടങ്ങിയവ വഴിയും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദൂരയാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.

താഴ്‌വാരങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വാദികളുടെ അരികില്‍ കഴിയുന്നവര്‍ മാറി താമസിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. നാളെ (ബുധനാഴ്ച) വരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭം യു എ ഇ നേരിടുകയാണെന്നും പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു. വ്യക്തികള്‍ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തടയാന്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് താഴ്വരകള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest