UAE
വാണിജ്യ ആവശ്യങ്ങൾക്ക് ഔദ്യോഗിക ചിഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നതിന് കർശന വിലക്ക്
അബൂദബി രജിസ്‌ട്രേഷൻ അതോറിറ്റി സർക്കുലർ പുറത്തിറക്കി
അബൂദബി| വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ രാജ്യത്തിന്റെയും അബൂദബി സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും ഉദ്ധരണികളും മുൻകൂർ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ച് അബൂദബി രജിസ്‌ട്രേഷൻ അതോറിറ്റി സർക്കുലർ പുറത്തിറക്കി. ഒക്ടോബർ രണ്ടിന് പുറപ്പെടുവിച്ച 19/2026 നമ്പർ സർക്കുലർ പ്രകാരമാണ് പുതിയ നിർദേശം.
അബൂദബി സാമ്പത്തിക വികസന വകുപ്പിന് കീഴിൽ ലൈസൻസുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളുടെയും മാനേജർമാരും ഉടമകളും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ, യു എ ഇയുടെ പതാകയും ലോഗോയും അബൂദബി എമിറേറ്റിന്റെ ലോഗോ, സർക്കാരിന്റെ ഔദ്യോഗിക ദൃശ്യരൂപങ്ങൾ, ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിലുള്ള വചനങ്ങളും ചിത്രങ്ങളും ഇനി മുതൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
ഉത്പന്നങ്ങൾ, സേവനങ്ങൾ, പരസ്യങ്ങൾ, പാക്കിംഗ് വസ്തുക്കൾ, അച്ചടി മാധ്യമങ്ങൾ, വെബ്സൈറ്റുകൾ, ഓൺലൈൻ സ്റ്റോറുകൾ, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവയിലെല്ലാം ഈ നിരോധനം ബാധകമാണ്. ഔദ്യോഗിക ചിഹ്നങ്ങളുടെയും സർക്കാർ പദവിയുടെയും പരിശുദ്ധി സംരക്ഷിക്കുക, ഭരണാധികാരികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നിവയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഔദ്യോഗിക സർക്കാർ അംഗീകാരമുണ്ടെന്നോ സർക്കാരുമായി പങ്കാളിത്തമുണ്ടെന്നോ ഉള്ള തെറ്റായ ധാരണ ഉപഭോക്താക്കളിൽ ഉണ്ടാകുന്നത് തടയാനും കൂടിയാണിത്.
സർക്കുലറിലെ വ്യവസ്ഥകൾ എല്ലാ സ്ഥാപനങ്ങളും പൂർണമായി പാലിക്കണമെന്നും മുൻകൂർ അനുമതിയില്ലാതെ ഉപയോഗിച്ചിട്ടുള്ള ഇത്തരം വസ്തുക്കൾ എല്ലാ മാധ്യമങ്ങളിൽനിന്നും പ്ലാറ്റ്ഫോമുകളിൽനിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിപണികളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അതോറിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തും. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlights:
The Abu Dhabi Registration Authority issued Circular No. 19/2026 prohibiting commercial establishments from using UAE national emblems and rulers’ photos without prior permission. The ban applies to products, services, advertisements, printed materials, websites, and social media platforms across Abu Dhabi. Authorities warned of strict inspections and fines for non-compliant establishments.



