Connect with us

Articles

കറുത്ത കുട്ടികളെയും കൂട്ടി ഊട്ടിയിലേക്കൊരു യാത്ര

പുല്ലിലും ചെടികളിലും വൻ മരങ്ങളിലും മൃഗങ്ങളിലുമെല്ലാം കഴിവുകളുടെയും ഗുണങ്ങളുടെയും വൈവിധ്യങ്ങൾ കാണാനാകും. ഇത് മനുഷ്യരിലും വിഭിന്നമല്ല. എല്ലാവർക്കും അവരുടേതായ ഗുണങ്ങളും മഹത്വങ്ങളുമുണ്ട്.

Published

|

Last Updated

മസിനഗുഡി വഴി ഊട്ടിയിൽ പോയി കറങ്ങിത്തിരിച്ച് പോന്നാൽ ചിന്തനീയമായ കുറേ കാഴ്ചകൾ കാണാൻ പറ്റും. ഗുണ്ടൽപേട്ടിൽ നയനരമണീയമായ സൂര്യകാന്തി പാടങ്ങളുണ്ട്. മസിനഗുഡിയിലെത്തിയാൽ മനോഹരമായ ഗുൽമോഹർ പൂക്കളാണ് ദൃശ്യവിരുന്നൊരുക്കുന്നത്. ഊട്ടിയിലെ റോസ്ഗാർഡനിൽ വിവിധ വർണങ്ങളിലായി റോസാ ചെടികൾ ഇടകലർന്നും ഇഴ ചേർന്നും അലങ്കാരം തീർക്കുന്നു. അധികം ഉയരത്തിലല്ലാതെ വിരിഞ്ഞുനിൽക്കുന്ന വാടാമല്ലി ചെടികളും മതിലിനുംമീതെ വളർന്ന് പൂത്ത് പന്തലിച്ച് നിൽക്കുന്ന ബോഗൺവില്ലകളും കാണാനെന്തുരസമാണ്. എല്ലാം ഒന്നൊന്നിന് മെച്ചം. ഓരോന്നും വേറെ വേറെ വൈബുകൾ!.
എന്നാലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, പനിനീർ പൂക്കളുടെ ഇതളുകൾ എത്ര മാർദവമാണെന്ന് അതുപോലെ തന്നെ സൂര്യകാന്തിയുടെ ദളങ്ങളും ഗുൽമോഹറും മൃദുലമാണ്. അതേസമയം, ബോഗൺവില്ലകൾക്ക് വരണ്ട പ്രകൃതമാണ്. കടലാസ് പോലെ കീറുന്നത് കൊണ്ടാണത്രെ ഇതിന് കടലാസ്പൂവെന്ന് പേര് വന്നത്. വാടാമല്ലി പൂക്കളെ തൊട്ടാലും ഉണങ്ങിയത് പോലെ തോന്നും. എങ്കിലും സൗന്ദര്യം വിതറുന്ന കാര്യത്തിൽ എല്ലാ പുഷ്പങ്ങൾക്കും അതിന്റേതായ പങ്കുണ്ട്. ഒരു പേരിൽ തന്നെ വ്യത്യസ്ത നിറങ്ങളിൽ പൂക്കുന്ന ചെടികളും നിരവധിയാണ്.
നിറവൈജാത്യങ്ങൾ ഇല്ലെങ്കിലും നറുമണം പരത്തുന്നതിൽ മുന്നിലാണ് മുല്ലപ്പൂ. നിശാഗന്ധി പോലെ വെളുപ്പിന് മുമ്പേ വിരിയുന്നവയാണവ. വെളുത്ത നിറത്തിൽ മാത്രമേയുള്ളൂവെങ്കിലും എല്ലാവരും തലയിൽ ചൂടാനെടുക്കുന്നത് മുല്ലയാണ്.
പൂക്കളിൽ നിന്ന് മാറി പക്ഷികളിലേക്ക് നോക്കൂ. കുയിലിന്റെ സ്വരമാധുര്യം തത്തക്കില്ല. തത്തയുടെ തൂവൽ ഭംഗി കുയിലിനില്ല. അരയന്നം വെളുത്തതാണെങ്കിലും ആട്ടവും നൃത്തവും മയിലിനോളം അതിന് വശമില്ല. പരുന്തിനെ കൊത്തിപ്പറത്തുമെങ്കിലും കാക്കക്ക് പരുന്തിനോളം ഉയർന്ന് പറക്കാനാകില്ല…
പുല്ലിലും ചെടികളിലും വൻ മരങ്ങളിലും മൃഗങ്ങളിലുമെല്ലാം കഴിവുകളുടെയും ഗുണങ്ങളുടെയും വൈവിധ്യങ്ങൾ കാണാനാകും. ഇത് മനുഷ്യരിലും വിഭിന്നമല്ല. എല്ലാവർക്കും അവരുടേതായ ഗുണങ്ങളും മഹത്വങ്ങളുമുണ്ട്.
പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത് നോക്കൂ: മനുഷ്യരേ, ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങൾ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി സമുദായങ്ങളും ഗോത്രങ്ങളുമാക്കി തിരിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളിൽ ഏറ്റവും ആദരണീയനായ വ്യക്തി ഏറ്റവും അധികം ധർമനിഷ്ഠ പാലിക്കുന്നവനാണ്.
ഇക്കാര്യം ഒന്നുകൂടെ വ്യക്തതയോടെ നബി (സ) പറയുന്നതിങ്ങനെയാണ്: ഒരറബിക്കും അറബി അല്ലാത്തവനെക്കാൾ ശ്രേഷ്്ഠതയില്ല. അറബിയല്ലാത്തവന് അറബിയെക്കാളും ശ്രേഷ്്ഠതയില്ല. വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ പവിത്രതയില്ല. മനസ്സിന്റെ പരിശുദ്ധിയനുസരിച്ചാണ് ഓരോരുത്തരും മറ്റുള്ളവരെക്കാൾ പരിശുദ്ധരായി തീരുന്നത്.

Latest