Connect with us

National

പീഡനശ്രമം എതിര്‍ത്ത ദലിത് പെണ്‍കുട്ടിയെ ശര്‍ക്കര നിര്‍മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ ശര്‍ക്കര നിര്‍മാണ യൂണിറ്റിന്റെ ഉടമ അടക്കം മൂന്നുപേരാണ് പിടിയിലായത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ പീഡനശ്രമം എതിര്‍ത്ത ദലിത് പെണ്‍കുട്ടിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ 18കാരിയെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശര്‍ക്കര നിര്‍മാണ യൂണിറ്റിന്റെ ഉടമ അടക്കം മൂന്നുപേരാണ് പിടിയിലായത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതികളായ പ്രമോദ്, രാജു, സന്ദീപ് എന്നിവര്‍ മുസാഫര്‍നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ശര്‍ക്കര നിര്‍മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും യുവതിയെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍, പ്രതികള്‍ക്കെതിരെ പീഡനശ്രമത്തിനും കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest