Connect with us

book review

പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ

വിലാസം നഷ്ടപ്പെട്ട ഒരു ജനതയുടെ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റെയും ശബ്ദമാണ് മഹ്്മൂദ് ദർവീസിന്റെ കവിതകൾ. ഉയർന്ന സാമൂഹികബോധവും തീക്ഷ്ണമായ ജീവിതാനുഭവവും മൂര്‍ച്ചയുള്ള ചിന്തയുമുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ഫലസ്തീൻ ജനതയുടെ വിരഹവും ദുഃഖവും പ്രതിരോധവും കടന്നുവരുന്ന അദ്ദേഹത്തിന്റെ കവിതകൾ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായിട്ടാണ് ലോകം ഏറ്റെടുത്തത്. ലോകത്തിന്റെ സഹാനുഭൂതി നേടി പിറവികൊണ്ട ജൂതരാഷ്ട്രം അന്നുമുതൽ ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന ക്രൂരമായ വംശഹത്യ ഒരു ഇടവേളക്ക് ശേഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ പുനർവായനക്ക് പ്രസക്തിയേറുന്നു.

Published

|

Last Updated

സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയേണ്ടിവന്ന ഫലസ്തീൻ ജനതയുടെ ആത്മരോഷങ്ങൾ കവിതയിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ച ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കവികളിൽ ഒരാളാണ് മഹ്്മൂദ് ദർവീശ്. അദ്ദേഹത്തിന്റെ “മഹ്്മൂദ് ദർവീശിന്റെ കവിതകൾ’ എന്ന പുസ്തകം സമകാലികമായി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ആശയങ്ങൾ തെല്ലും ചോരാതെയുള്ള വിവർത്തനം വായനക്കാരനെ ഫലസതീൻ മണ്ണിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഫലസ്തീൻ ജനതയുടെ വിരഹവും ദുഃഖവും പ്രതിരോധവും കടന്നുവരുന്ന അദ്ദേഹത്തിന്റെ കവിതകൾ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായിട്ടാണ് ലോകം ഏറ്റെടുത്തത്. ലോകത്തിന്റെ സഹാനുഭൂതി നേടി പിറവികൊണ്ട ജൂതരാഷ്ട്രം അന്നുമുതൽ ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന ക്രൂരമായ വംശഹത്യ ഒരു ഇടവേളക്ക് ശേഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ പുനർവായനക്ക് പ്രസക്തിയേറുന്നു.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് ഇന്ധനം പകരുന്ന ദർവീശിന്റെ കവിതകൾ ഭാഷാ ലാളിത്യം കൊണ്ടും ആശയ തീവ്രതകൊണ്ടും ജനശ്രദ്ധയാകർഷിക്കപ്പെട്ടു. 1941ൽ ഫലസ്തീനിലാണ് ദർ‌വീശിന്റെ ജനനം. ദുരിതങ്ങൾ നിറഞ്ഞ ബാല്യമായിരുന്നു ദർവീശിന്റേത്. ഇസ്്റാഈൽ രൂപവത്കരിക്കപ്പെട്ടതോടെ ദർവീശിന്റെ കുടുംബം ലബനാനിലേക്ക് പാലായനം ചെയ്തു. അന്ന് ദർവീശിന്റെ പ്രായം ഏഴുവയസ്സായിരുന്നു. ഒരു വർഷത്തിനു ശേഷം അവർ തിരിച്ചു വരികയും ഇസ്്റാഈലിന്റെ ഭാഗമായ ആകറിലെ ദാറുൽ അസദിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ കവിത എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരമാണ് ‘ചിറകൊടിഞ്ഞ പക്ഷികൾ .’

അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീക്ഷയാവാന്‍, അവനിലെ സമരാഗ്‌നിയെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ ദര്‍വീശിന്റെ കവിതകൾക്കു സാധിച്ചു. ഐഡന്റിറ്റി കാർഡ് എന്ന കവിത ഫലസ്തീനിയുടെ ആത്മരോഷങ്ങളുടെ അക്ഷരാവിഷ്കാരമായിരുന്നു. അതിലെ വരികൾ ഇങ്ങനെ

“ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും, പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന് മുകളില്‍ തന്നെ രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ
സൂക്ഷിക്കൂ,
എന്റെ കോപത്തെയും!’

പ്രതിരോധത്തിന്റെ വന്മതിൽ തീർക്കാൻ ദർവീശിന്റെ കവിതകൾക്ക് സാധിച്ചു.
വെടിയുണ്ടകളേക്കാള്‍ സംഹാരശേഷിയുള്ള വാക്കുകളായിരുന്നു അവ. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ബോംബുകള്‍ക്കും, മിസൈലുകള്‍ക്കും വിജയം കൈവരിക്കാനാകില്ല എന്ന സത്യം സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികളെ അദ്ദേഹം പഠിപ്പിച്ചു. ഉയർന്ന ദേശീയ ബോധവും പ്രതീക്ഷയുടെ പുതുപുലരിയുടെ സ്വപ്നവും ‘ആഗ്രഹങ്ങളെക്കുറിച്ച് ‘ എന്ന കവിതയിൽ നമുക്ക് കാണാൻ സാധിക്കുന്നു.

“എന്റെ സുഹൃത്തേ
നൈല്‍ നദി വോള്‍ഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോര്‍ദാന്‍ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല.
ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു
മുഹൂര്‍ത്തമുണ്ട്.
ഓരോ പുലരിക്കും
കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.’

2008ൽ അദ്ദേഹം മരിക്കുമ്പോള്‍ യുദ്ധത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും ഫലസ്തീന്‍ അനുഭവത്തിന്റെ അനേകം കവിതകൾ സ്വന്തം പേരിൽ കുറിച്ചിരുന്നു. വിലാസം നഷ്ടപ്പെട്ട ഒരു ജനതയുടെ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റെയും ശബ്ദമായി ആ കവിതകൾ മാറി. ഉയർന്ന സാമൂഹികബോധവും തീക്ഷ്ണമായ ജീവിതാനുഭവവും മൂര്‍ച്ചയുള്ള ചിന്തയുമുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. കെ എം അജീർ കുട്ടിയെഴുതിയ മലയാള വിവർത്തനത്തിന്റെ പ്രസാധനം നിർവഹിച്ചത് ചിന്താ പബ്ലിക്കേഷൻസാണ്. പിറന്നമണ്ണിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ജനതക്ക് ഈ കൃതി ഊർജം പകരുമെന്നതിൽ സംശയമില്ല.