Connect with us

Kerala

ലക്ഷദ്വീപ് എം പി ഫൈസൽ ജയിൽ മോചിതനായി

നീതിക്കായി നിയമ പോരാട്ടം തുടരുമെന്ന് ഫൈസല്‍

Published

|

Last Updated

കണ്ണൂര്‍ | വധശ്രമക്കേസില്‍ കവരത്തി ജില്ലാ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മുന്‍ ലക്ഷദ്വീപ് എം പിയും എന്‍ സി പി നേതാവുമായ മുഹമ്മദ് ഫൈസലും മറ്റ് നാല് പ്രതികളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിതരായി. കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം പിയുമായ പി എം സെയ്ദിൻ്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളായ നാലുപേരെയും വിചാരണക്കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി എട്ടിനാണ് ജയില്‍ മോചിതരായത്.

നീതിക്കായി നിയമ പോരാട്ടം തുടരുമെന്ന് ഫൈസല്‍ പറഞ്ഞു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നഭരണ പരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചതാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

തന്നെ അയോഗ്യനാക്കിയ നടപടി റദ്ദാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അമിതവേഗതയുണ്ടായി. ഇതിന് പിന്നില്‍ ആരുടെയോ താല്‍പര്യമുണ്ടെന്നാണ് സംശയമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

എന്‍ സി പി നേതാക്കളായ എം പി മുരളി, കരീം ചന്തേര, കെ സുരേശന്‍, പി കെ രവീന്ദ്രന്‍ എന്നിവര്‍ ജയിലിനുപുറത്ത് സ്വീകരിച്ചു. മുഹമ്മദ് ഫൈസല്‍ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് നീങ്ങി.

 

 

Latest