Kerala
'എന്റെ മോൾക്ക് കൊലയാളി സമ്മാനം നൽകേണ്ട...'; കെ എം ബഷീറിന്റെ ഘാതകൻ ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന കുട്ടികളുടെ നീന്തൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് വിജയിയായ തന്റെ മകൾക്ക് കൊലയാളിയായ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട എന്ന് ഒരു രക്ഷിതാവ് പരസ്യമായി ആവശ്യപ്പെട്ടത്.
കോഴിക്കോട് | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഒരു രക്ഷിതാവിന്റെ മാതൃകാപരമായ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന കുട്ടികളുടെ നീന്തൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് വിജയിയായ തന്റെ മകൾക്ക് കൊലയാളിയായ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട എന്ന് ഒരു രക്ഷിതാവ് പരസ്യമായി ആവശ്യപ്പെട്ടത്. സംഘാടകർ ഇദ്ദേഹത്തെ പിൻമാറ്റാൻ ശ്രമിച്ചുവെങ്കിലും നിലപാടിൽ ഉറച്ചുനിന്നതോടെ ശ്രീറാമിന് പകരം അസിസ്റ്റന്റ് കലക്ടർ കുട്ടിക്ക് സമ്മാനം കൈമാറി.
സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ട്രയാത്ത്ലോൺ മത്സരത്തിൽ പങ്കാളിയായാണ് ശ്രീറാം വെങ്കിട്ടരാമൻ അവിടെ എത്തിയത്. സൈക്ലിങ്, നീന്തൽ, ഓട്ടമത്സരം എന്നിവ അടങ്ങിയ ട്രയാത്ത്ലോൺ പൂർത്തിയാക്കിയതിന് ശേഷം, സമീപത്ത് നടന്ന കുട്ടികളുടെ നീന്തൽ മത്സര വിജയികൾക്ക് സമ്മാനം നൽകാൻ സംഘാടകർ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.

തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാനത്തിന് എത്തിയപ്പോഴാണ് രക്ഷിതാവ് എതിർപ്പുമായി രംഗത്തുവന്നത്. കൊലയാളി മകൾക്ക് സമ്മാനം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മറ്റൊരു വ്യക്തി സമ്മാനം നൽകണമെന്നും രക്ഷിതാവ് ഉറപ്പിച്ചു പറഞ്ഞു. രക്ഷിതാവിന്റെ പ്രതിഷേധത്തെ തുടർന്ന് അസിസ്റ്റന്റ് കളക്ടർ ഇടപെടുകയും സമ്മാനദാനം നിർവഹിക്കുകയുമായിരുന്നു.
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് ശ്രീറാം ഇപ്പോൾ.
Content Highlights:
A strong protest was staged against Sriram Venkitaraman during a prize distribution ceremony in Kozhikode. A parent refused to accept the award for their child from Sriram Venkitaraman at the swimming competition. Following the protest, the Assistant Collector stepped in to hand over the prizes to the winners.



