Connect with us

Articles

മധുരത്തിന് കയ്പ്പേറുമ്പോള്‍

കാലാവസ്ഥാ വ്യതിയാനവും കരിമ്പുകളിലെ രോഗവ്യാപനവും കാരണം ഇത്തവണ ഉത്പാദനം ഗണ്യമായി കുറയുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കരിമ്പിനെ വ്യക്തമായ ആസൂത്രണമില്ലാതെ എഥനോള്‍ ഉത്പാദനത്തിലേക്ക് തിരിച്ചുവിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. രാജ്യത്ത് നിലവില്‍ പഞ്ചസാരയുടെ കരുതല്‍ ശേഖരം 20 ശതമാനത്തോളം കുറവാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

Published

|

Last Updated

രാജ്യത്തെ കുതിച്ചുയരുന്ന പഞ്ചസാര വില വര്‍ധന സാധാരണ കുടുംബങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പൊതുവെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് മധുരമില്ലാത്ത അടുക്കള ദിവസങ്ങള്‍ ചിന്തിക്കാനേ വയ്യ. ശരീരത്തിന് പലപ്പോഴും അപകടമാണെന്ന ഉത്തമബോധ്യത്തോടെയും മധുരത്തെ മദിച്ച് ഉപയോഗിക്കുന്ന മലയാളിയുടെ ജീവിതശൈലി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെങ്കിലും പെട്ടെന്നൊരു മധുരമില്ലാത്ത ചായ തത്കാലം മലയാളികള്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും അവസ്ഥ വിഭിന്നമല്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മധുരപ്രേമികള്‍ വിപണിയുടെ ചില കയറിയിറക്കങ്ങള്‍ കണ്ട് വലിയ ആശങ്കയിലാണ്. പച്ചക്കറികളുടെയും അരിയുടെയും വിലകളില്‍ ഇടക്കിടെയുണ്ടാകുന്ന വമ്പന്‍ വ്യതിയാനങ്ങള്‍ നിത്യ സംഭവമായതിനാല്‍ അതില്‍ വലിയ അത്ഭുതമില്ല. ചിക്കനും മീനിനും വില കൂടിയപ്പോഴും അത് ചായക്കട ചര്‍ച്ചകളില്‍ ഒതുങ്ങി. എന്നാല്‍ ഇതുവരെ താരതമ്യേന മിതമായ രീതിയില്‍ വിലവ്യതിയാനങ്ങള്‍ അനുഭവപ്പെട്ടിരുന്ന പഞ്ചസാരയുടെ വിലയിലെ ഈ കുതിച്ചു കയറ്റം വിപണിയെയാകെ നടുക്കിയിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി പഞ്ചസാര വില 50 രൂപക്ക് മുകളിലാണ്. പലയിടത്തും ഇത് 60 കടക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും ഇതിലും പൊള്ളുന്ന അവസ്ഥയാണ്. ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ അടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ വില 65 കടന്നു. ഇതില്‍ ഒഡിഷയില്‍ കഴിഞ്ഞ 23ന് 67.4 രൂപയാണ് രേഖപ്പെടുത്തിയത്.

ഈ കണക്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി വിലയേക്കാള്‍ ഏകദേശം 40 ശതമാനം കൂടുതലാണെന്ന് കാണാം. ചിലയിടത്ത് ഇത് 50 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പഞ്ചസാരയുടെ വില ഏകദേശം 46 രൂപയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കരിമ്പ് ഉത്പാദകരില്‍പ്പെട്ട ഇന്ത്യ പോലെയുള്ള ഒരു രാജ്യം പഞ്ചസാര വിപണിയില്‍ നേരിടുന്ന ഈ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പോലെ കേവലം വിളവു കുറവിന്റെയും പൂഴ്ത്തിവെപ്പിന്റെയും അനന്തരഫലമായി മാത്രം കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യ ഇതര രാജ്യങ്ങളില്‍ നിന്ന് ഏകദേശം പത്ത് ദശലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതും കസ്റ്റംസ് തീരുവ ഒഴിവാക്കിക്കൊണ്ട്. പുറം രാജ്യങ്ങളില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട തീരുമാനത്തിലേക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരിമ്പ് ഉത്പാദകരെ എത്തിച്ച പ്രതിസന്ധി തീര്‍ച്ചയായും പഠിക്കേണ്ടതാണ്.

എഥനോളും പഞ്ചസാരയും
പഞ്ചസാര വിലയിലുള്ള ഈ പ്രതിസന്ധിക്ക് വലിയ കാരണമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത് എഥനോള്‍ നിര്‍മാണത്തിനായി പഞ്ചസാരയും മൊളാസസോ(പഞ്ചസാര നിര്‍മാണത്തിന് ശേഷം ബാക്കിയാകുന്ന കട്ടിയുള്ള പദാര്‍ഥം)യും നീക്കിവെക്കുന്നുവെന്നതാണ്. ഇ20 പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. നല്ലൊരു ശതമാനം കരിമ്പ് ഉത്പന്നങ്ങളും എഥനോളിന്റെ നിര്‍മാണത്തിലേക്ക് വഴിമാറുമ്പോള്‍ സ്വാഭാവികമായും കരിമ്പ് കൊണ്ട് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണി പ്രതിസന്ധിയിലാകും. ഇ20 പദ്ധതിയുടെ ഭാഗമായി ഷുഗര്‍ മില്ലുകള്‍ക്ക് കരിമ്പില്‍ നിന്നും അതിന്റെ മൊളാസസില്‍ നിന്നും എഥനോള്‍ വേര്‍തിരിച്ചെടുക്കാന്‍ വലിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. ഇത് സ്വാഭാവികമായും ഇത്തരം മില്ലുകളെ കൂടുതല്‍ ലാഭേച്ഛയോടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്ന് വേണം കരുതാന്‍. നല്ലൊരു ശതമാനം മില്ലുകളും പഞ്ചസാര ഉത്പാദനത്തില്‍ നിന്ന് മാറി എഥനോള്‍ വേര്‍തിരിച്ചെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ആരോപണമുണ്ട്. ഇതോടെ പഞ്ചസാരയാകേണ്ട ലക്ഷക്കണക്കിന് കരിമ്പുകള്‍ ഇത്തരത്തില്‍ ഇന്ധനമായി മാറി.

കാലാവസ്ഥാ വ്യതിയാനവും കരിമ്പുകളിലെ രോഗവ്യാപനവും കാരണം ഇത്തവണ ഉത്പാദനം ഗണ്യമായി കുറയുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കരിമ്പിനെ വ്യക്തമായ ആസൂത്രണമില്ലാതെ എഥനോള്‍ ഉത്പാദനത്തിലേക്ക് തിരിച്ചുവിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. രാജ്യത്ത് നിലവില്‍ പഞ്ചസാരയുടെ കരുതല്‍ ശേഖരം 20 ശതമാനത്തോളം കുറവാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയം നല്‍കിയ ഉത്തരവ് പ്രകാരം പത്ത് ലക്ഷം മെട്രിക് ടണ്‍ റോ ഷുഗര്‍ തരികള്‍ ഒക്ടോബര്‍ 23ന് മുമ്പായി ഇറക്കുമതി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദീപാവലിയടക്കമുള്ള രാജ്യവ്യാപക ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിദേശ പഞ്ചസാരയെ ആശ്രയിക്കേണ്ടി വരുമെന്ന് ചുരുക്കം.

കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും
എന്നാല്‍ കരിമ്പ് എഥനോള്‍ ഉത്പാദനത്തിലേക്ക് മാറ്റിവെച്ചതല്ല ഈ പഞ്ചസാര പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഷ്യം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എഥനോള്‍ ഉത്പാദനത്തിലേക്ക് മാറ്റിവെച്ച കരിമ്പ് ഉത്പന്നങ്ങളുടെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ടെന്നും കേന്ദ്രം അവകാശപ്പെടുന്നു. ചോളമടക്കമുള്ള മറ്റു ധാന്യങ്ങളാണ് നിലവില്‍ എഥനോളിനായി ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

പിന്നെയെന്താണ് ഈ വിലക്കയറ്റത്തിന് കാരണമെന്ന ചോദ്യത്തിന് കാലാവസ്ഥാ വ്യതിയാനങ്ങളെയും കരിമ്പിലെ രോഗവ്യാപനത്തെയുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. മാറിമാറിവന്ന കാലാവസ്ഥകളും പ്രളയങ്ങളും കരിമ്പ് കൃഷിയെയും വിളവെടുപ്പിനെയും സാരമായി ബാധിച്ചു. അതോടൊപ്പം വ്യാപകമായെത്തിയ റെഡ് ഡോട്ട് പോലെയുള്ള രോഗവും കരിമ്പ് കൃഷിയെ പ്രതിസന്ധിയിലാക്കി. ഇതോടെ രാജ്യത്ത് കരിമ്പ് ഉത്പാദനം വ്യാപകമായി കുറഞ്ഞെന്നും ഇത് കരിമ്പ് ഉത്പാദനത്തെ ഗണ്യമായി ബാധിച്ചുവെന്നും കേന്ദ്രം പറയുന്നു.

എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും അത് വിപണിയെ ബാധിക്കുമെന്നും മുന്‍കൂട്ടി മനസ്സിലാക്കാനും തീരുമാനമെടുക്കാനും എന്തുകൊണ്ട് കേന്ദ്ര കാര്‍ഷിക ഭക്ഷ്യ മന്ത്രാലയങ്ങള്‍ക്ക് കഴിഞ്ഞില്ലയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലടക്കം ലക്ഷക്കണക്കിന് ടണ്‍ പഞ്ചസാര രാജ്യത്ത് നിന്ന് വിദേശത്തേക്ക് കയറ്റിയയച്ചിട്ടുണ്ടെന്നതും ഈ ദീര്‍ഘവീക്ഷണമില്ലായ്മയിലേക്കും നിരുത്തരവാദിത്വത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെ കയറ്റുമതി ചെയ്യുകയും എഥനോളിനായി മാറ്റിവെക്കുകയും ചെയ്തതിന് ശേഷമാണ് അധികൃതര്‍ രാജ്യത്ത് ആവശ്യത്തിന് പഞ്ചസാരയില്ലയെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നത്. ഇത്രയും അലസമായൊരു സമീപനമാണ് ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും
ഉത്സവ സീസണിന് മുമ്പ് വന്‍കിട വ്യാപാരികള്‍ കൃത്രിമമായി നിര്‍മിച്ചെടുത്തതാണ് ഈ പഞ്ചസാര വിലക്കയറ്റമെന്ന് വാദിക്കുന്നവരുമുണ്ട്. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന് അന്വേഷിക്കേണ്ടതാണ്. എന്നിരുന്നാലും ആധുനിക ഇന്ത്യന്‍ ഭക്ഷ്യോത്പന്ന വിപണിയില്‍ പഞ്ചസാരയോളം പ്രാധാന്യമുള്ള മറ്റൊരു അസംസ്‌കൃത വസ്തുവുണ്ടോയെന്ന് സംശയമാണ്. വിലകൂടിയ മിഠായികള്‍, ബേക്കറി പലഹാരങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ഐസ്‌ക്രീം ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വലിയ തോതില്‍ പഞ്ചസാര ഉപയോഗിക്കുന്നുണ്ട്. പല വമ്പന്‍ കമ്പനികളുമാണ് ഇന്ന് ഇത്തരം ഉത്പന്നങ്ങളുടെ തലപ്പത്ത് എന്നതും ഇതിനോട് ചേര്‍ത്ത് പറയേണ്ടതാണ്. അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വിപണിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ വലിയ സാമ്പത്തിക അച്ചടക്ക ലംഘനമാണ് സംഭവിച്ചതെന്ന് പറയേണ്ടിവരും. ഇത് സ്വാഭാവികമായും മറ്റു ഉത്പന്നങ്ങളിലേക്കും പടരുമെന്നതും ആശങ്കാജനകമാണ്.

ഇ20 ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്ര സര്‍ക്കാറും പഴിചാരുന്നത് കരിഞ്ചന്തയെയും പൂഴ്ത്തിവെക്കലിനെയുമൊക്കെയാണ്. ഇതിന്റെ ഭാഗമായി 16 ദിവസത്തെ ഉപയോഗത്തിന് ആവശ്യമായതില്‍ കൂടുതല്‍ പഞ്ചസാര കൈവശം വെക്കരുതെന്ന് ഇത്തരം കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ആഗോളതലത്തിലും ദേശീയതലത്തിലും പഞ്ചസാരക്ക് ആവശ്യക്കാരേറിയതും ഈ വിലക്കയറ്റത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആഗോള വിപണിയില്‍ പഞ്ചസാരയുടെ വില കുതിച്ചുയരുകയാണെന്നതും ഇതിനോട് ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.

എന്നാല്‍, ഇതൊരു ആഗോള പ്രശ്‌നമായോ ദേശീയ പ്രശ്നമായോ ചര്‍ച്ച ചെയ്യപ്പെടുന്നതിലപ്പുറം ഓരോ വീടുകളിലെയും കുടുംബങ്ങളിലെയും പ്രശ്‌നമായി അവതരിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. ആഗോളതലത്തില്‍ പഞ്ചസാര വില വര്‍ധിച്ചതുകൊണ്ട് തന്നെ ഇന്ത്യ തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്നതാണെങ്കിലും അത് പൊതുജനങ്ങളിലെത്തുന്നത് ഏത് വിലക്കാണെന്ന് പ്രവചിക്കാനാകില്ല. രാജ്യത്തെ കര്‍ഷകര്‍ തന്നെ വിളവെടുക്കുന്ന കരിമ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പഞ്ചസാരയോട് വിലയിലും ഗുണമേന്മയിലും എത്രത്തോളം ഈ വിദേശ മധുരത്തിന് നീതി പുലര്‍ത്താനാകുമെന്നത് കണ്ടുതന്നെ അറിയണം. സര്‍ക്കാറിന്റെയും അധികൃതരുടെയും ഉത്തരവാദിത്വത്തോടെയുള്ള നിയന്ത്രണമുണ്ടായിട്ടില്ലെങ്കില്‍, മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന പോലെ നാല്‍പ്പത് തികഞ്ഞവര്‍ മധുരം ഉപേക്ഷിക്കേണ്ടിവരും.