Kerala
കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ട; പഴയ ബോര്‍ഡുകളും രേഖകളും തിരുത്തി ഉപയോഗിക്കാം
സാങ്കേതികമായി സാധ്യമാകുന്ന സാഹചര്യങ്ങളില്‍ ഇംഗ്ലീഷിലെ ‘Kerala’ എന്നതില്‍ ‘m’ ചേര്‍ത്ത് ‘Keralam’ ആക്കാം.
തിരുവനന്തപുരം| സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന്റെ പേരില്‍ നിലവിലുള്ള സര്‍ക്കാര്‍ രേഖകളും ബോര്‍ഡുകളും മറ്റ് സാമഗ്രികളും മാറ്റി അധിക ചെലവ് വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍. നിലവിലുള്ള സ്റ്റോക്ക് പൂര്‍ണമായി ഉപയോഗിച്ച ശേഷം മാത്രമേ പുതിയത് തയ്യാറാക്കേണ്ടതുള്ളൂവെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടിച്ച സാമഗ്രികള്‍ നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഉപയോഗിക്കാം. സംസ്ഥാനത്തിന്റെ പേര് മാറിയെന്ന കാരണത്താല്‍ ഉപയോഗയോഗ്യമായ സാമഗ്രികള്‍ ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
സാങ്കേതികമായി സാധ്യമാകുന്ന സാഹചര്യങ്ങളില്‍ ഇംഗ്ലീഷിലെ ‘Kerala’ എന്നതില്‍ ‘m’ ചേര്‍ത്ത് ‘Keralam’ ആക്കാം. അതുപോലെ മലയാളത്തില്‍ ‘കേരള’ എന്നതിനെ ‘കേരളം’ ആക്കി തിരുത്തിയും ഉപയോഗിക്കാം. സൈന്‍ബോര്‍ഡുകള്‍ക്ക് പതിവ് അറ്റകുറ്റപ്പണിയോ പെയിന്റിങ്ങോ മാറ്റിസ്ഥാപിക്കലോ ആവശ്യമായി വരുന്ന സമയത്ത് ഈ മാറ്റങ്ങള്‍ ക്രമേണ നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പേര് മാറ്റത്തിന്റെ പേരില്‍ മാത്രം ഫര്‍ണിച്ചര്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റേഷനറി, സൈന്‍ബോര്‍ഡുകള്‍, മുദ്രകള്‍, ബോര്‍ഡുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ വസ്തുക്കള്‍ അവയുടെ ഉപയോഗകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മാറ്റിസ്ഥാപിക്കരുത്. ഭരണപരമായോ പ്രവര്‍ത്തനപരമായോ അത്യാവശ്യ സാഹചര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ നേരത്തേ മാറ്റം വരുത്താവൂ.
ഉപയോഗത്തിലൂടെയുള്ള തേയ്മാനം, കാലഹരണപ്പെടല്‍, കേടുപാട് തുടങ്ങിയ കാരണങ്ങളാല്‍ സാമഗ്രികള്‍ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ സാധാരണ നടപടിക്രമം പാലിച്ച് പുതുക്കിയ സംസ്ഥാനനാമമായ ‘Keralam’/‘കേരളം’ ഉള്‍പ്പെടുത്തണം.
ഇനി മുതല്‍ നടത്തുന്ന എല്ലാ അച്ചടിപ്പണികളിലും പുതിയ സ്റ്റേഷനറി, ഫോമുകള്‍, സൈന്‍ബോര്‍ഡുകള്‍, നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക മുദ്രകള്‍ എന്നിവയുടെ നിര്‍മാണത്തിലും ആവശ്യാനുസരണം ‘Keralam’/‘കേരളം’ എന്ന പുതുക്കിയ പേര് ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights:
The government clarified that existing official records and signboards need not be immediately replaced following the state’s name change to Keralam. Chief Secretary Biswanath Sinha issued a circular instructing offices to exhaust current stocks first. Necessary corrections can be made manually.



