Connect with us

Articles

ട്രംപ് തോൽവി രുചിച്ച ആറ് മാസം

അറബ് സഖ്യ കക്ഷികളെ സംരക്ഷിക്കുന്നതിലാണ് ട്രംപ് തീര്‍ത്തും പരാജയപ്പെട്ടത്. സഊദി അറേബ്യ, ഖത്വര്‍, യു എ ഇ, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയവ അമേരിക്കയെ സമ്പൂര്‍ണമായി അവിശ്വസിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ഈ ആക്രമണപരമ്പരയുടെ ഏറ്റവും പ്രധാന "നേട്ടം'. തുര്‍ക്കിയ, സഊദി അറേബ്യ, പാകിസ്താന്‍ എന്നവയുള്‍പ്പെട്ട മക്ക ഉടമ്പടി ഈ അവിശ്വാസത്തിന്റെ ഉപോത്പന്നമാണ്.

Published

|

Last Updated

ഇറാന് നേരെ യു എസും ഇസ്‌റാഈലും ഏകപക്ഷീയ ആക്രമണം തുടങ്ങി ആറ് മാസം പിന്നിടുമ്പോള്‍ വായിച്ചുരസിക്കാവുന്ന ഒരേയൊരു സംഗതി ഡൊണാള്‍ഡ് ട്രംപിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകളാണ്. യുദ്ധവാര്‍ത്തകള്‍ വായിച്ചുരസിക്കാനുള്ളതല്ല. വായിച്ചു വേദനിക്കാനും ആശങ്കപ്പെടാനുമുള്ളതാണ്. പ്രത്യേകിച്ച് സ്വന്തം ബന്ധുക്കളും മക്കളും പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മേലും തെരുവുകളിലും മിസൈലുകള്‍ പതിക്കുമ്പോള്‍ എങ്ങനെ മനസ്സമാധാനത്തോടെ വാര്‍ത്തകള്‍ വായിക്കും. യു എസും ഇസ്‌റാഈലും ഇറാനെ ആക്രമിക്കുന്നു; ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നു. ഇതായിരുന്നുവല്ലോ സ്ഥിതി. എന്നാല്‍ ഈ കലുഷിതാന്തരീക്ഷത്തിലും ചിരിക്കാന്‍ വകനല്‍കുന്ന ഐറ്റമായിരുന്നു ട്രംപിന്റെ പോസ്റ്റുകള്‍. ഈ ആറ് മാസത്തിനിടെ ഇറാനെ പരാമര്‍ശിക്കുന്ന 319 പോസ്റ്റുകളാണ് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യലിലിട്ടത്. എന്നുവെച്ചാല്‍ ശരാശരി ഓരോ 14 മണിക്കൂറില്‍ ഒന്ന് വീതം. (അൽജസീറ) പലതും ഭീഷണികള്‍. ചിലത് സമാധാന നാട്യം. പിന്നെ ചിലത് “ഇറാന്‍ താന്‍ ഭരിക്കും’ എന്ന പോലുള്ള വിഡ്ഢിത്തങ്ങള്‍. ഇവയൊന്നും വെറും നേരമ്പോക്കുകളും പിച്ചും പേയും മാത്രമായിരുന്നില്ല. ഈ പോസ്റ്റുകള്‍ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കി. ട്രംപിന്റെ തോഴന്‍മാരായ വന്‍കിട കമ്പനികള്‍ ലാഭം കൊയ്തു. ട്രംപിന്റെ പരസ്പരവിരുദ്ധമായ പോസ്റ്റുകള്‍ വായിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹം കടുത്ത നിരാശയിലും അമര്‍ഷത്തിലും അപകര്‍ഷത്തിലുമാണ്. തോല്‍വിയുടെ ഇരമ്പമാണ് ആ വാക്കുകളില്‍ മുഴങ്ങുന്നത്.
ഫെബ്രുവരി അവസാനത്തോടെ ഇറാനുമായുള്ള യുദ്ധം ആരംഭിച്ചപ്പോള്‍, അത് നാലോ അഞ്ചോ ആഴ്ചകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ എന്നായിരുന്നു ട്രംപ് പ്രവചിച്ചിരുന്നത്. എന്നാല്‍ ആറ് മാസങ്ങള്‍ക്കിപ്പുറം അവശേഷിക്കുന്നത് യുദ്ധം വിജയിച്ചെന്ന അവകാശവാദം മാത്രമാണ്. ഇറാനെ ചര്‍ച്ചയുടെ വഴിയിലേക്ക് കൊണ്ടുവന്നുവെന്ന വെറും വീമ്പും. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല. യുദ്ധവിരാമത്തിലേക്ക് വഴിയൊരുക്കാന്‍ ജൂണില്‍ ധാരണാപത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് നടപ്പായില്ല. ആ ധാരണാപത്രം ഇറാന്റെ നയതന്ത്ര കരുത്തും നിശ്ചയദാര്‍ഢ്യവും വെളിവാക്കുന്നതായിരുന്നു. ആയത്തുല്ലാ അലി ഖാംനഈ അടക്കമുള്ള ഉന്നത നേതൃത്വം കൊല്ലപ്പെട്ടിട്ടും തകര്‍ന്നടിയാന്‍ ഇറാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ എം ഒ യു. ആണവ ചര്‍ച്ച ഇപ്പോള്‍ വേണ്ട, യുദ്ധം അവസാനിക്കുന്നുവെങ്കില്‍ എല്ലാ ആക്രമണവും നിര്‍ത്തണം (ലബനാനെതിരായ ഇസ്‌റാഈല്‍ ആക്രമണം അടക്കം), ഉപരോധങ്ങള്‍ പിന്‍വലിക്കണം, ഹോര്‍മുസില്‍ നിയന്ത്രണം വേണം തുടങ്ങിയ ഇറാന്റെ ആവശ്യങ്ങള്‍ പലതും ഭാഗികമായി ശരിവെക്കുന്നതായിരുന്നു ആ എം ഒ യു. സ്വാഭാവികമായും ഇസ്‌റാഈല്‍ ഉടക്കിട്ടു. അതോടെ പാകിസ്താന്റെ മാധ്യസ്ഥ്യ ശ്രമങ്ങള്‍ മുഴുവന്‍ അപ്രസക്തമാക്കി ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങി. വലിയ മാനക്കേടില്ലാതെ തടിതപ്പാനുള്ള അവസരം ട്രംപ് കളഞ്ഞുകുളിക്കുകയായിരുന്നു.

ഇറാനെ വിറപ്പിക്കാന്‍ അറബിക്കടലില്‍ വിന്യസിച്ച യു എസ് എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പലില്‍ നിന്ന് സൈനികര്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത ട്രംപ് എത്തിപ്പെട്ട ഗതികേടിന്റെ പ്രതീകമായിരുന്നു. ഏഴ് മാസമാണ് ആ മനുഷ്യര്‍ കടലില്‍ കഴിഞ്ഞത്. ഫ്ലോട്ടിംഗ് പ്രിസണ്‍ എന്നാണ് സൈനികര്‍ കടല്‍വാസത്തെ വിശേഷിപ്പിച്ചത്. ഭരണകൂടം അടിച്ചേല്‍പ്പിച്ച യുദ്ധങ്ങളില്‍ കുടുങ്ങിപ്പോയ സൈനികര്‍ വെറും മനുഷ്യരായി മാറുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ അതിഭീകരമായിരിക്കും. തുടരാനും വയ്യ നിര്‍ത്താനും വയ്യ. ആയുധ ശേഖരം കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം ട്രംപ് ഭരണകൂടത്തെ അലട്ടി. ഒടുവില്‍ സൈനിക പരിഹാരത്തില്‍ നിന്ന് സാമ്പത്തിക ഉപരോധം കടുപ്പിക്കുകയെന്ന പ്ലാന്‍ ബിയിലേക്ക് താഴാന്‍ ട്രംപ് നിര്‍ബന്ധിതനായി. “നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല; അര്‍ഥവത്തായ രീതിയില്‍ ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്ന് പ്രസിഡന്റിന് തോന്നുന്നത് വരെ ഈ സ്ഥിതി തുടരും’ – ഇതാണ് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ഒടുവില്‍ പറഞ്ഞത്. മണിക്കൂറുകള്‍ക്കം ഇറാനില്‍ ഭരണമാറ്റം സാധ്യമാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ ആക്രമണം ഇന്ന് കൂടുതല്‍ ശക്തമായ ഇറാനിയന്‍ ഭരണകൂടത്തെ സൃഷ്ടിച്ചിരിക്കുന്നു.

ഇറാനെതിരെ ആക്രമണം തുടങ്ങുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് ഒരു വിഷയമേ ആയിരുന്നില്ല. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന നിര്‍ണായകമായ ഈ ജലപാത, എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒന്നായിരുന്നു. എന്നാലിപ്പോള്‍ ആഗോള സമ്പദ്്വ്യസ്ഥയെ നിയന്ത്രിക്കാനുള്ള തന്ത്രപ്രധാനമായ ഇടമായി ഇറാന്‍ ഇതിനെ മാറ്റിയെടുത്തു. യുദ്ധം ആരംഭിച്ചതുമുതല്‍ ഈ കടലിടുക്ക് വലിയൊരളവോളം അടഞ്ഞുകിടക്കുകയാണ്. കാര്‍ഷിക മേഖലക്ക് ആവശ്യമായ ഇന്ധനത്തിന്റെയും വളത്തിന്റെയും വില വര്‍ധിപ്പിക്കാനും അമേരിക്കയില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദം സൃഷ്ടിക്കാനും ഇത് കാരണമായി. ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിയുന്ന സര്‍വേകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ലോകത്താകെ ഇന്ധന പ്രതിസന്ധിയുണ്ടാക്കി. യൂറോപ്യന്‍ യൂനിയനും നാറ്റോയും മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകളുമെല്ലാം ട്രംപിനെ ശക്തമായി കുറ്റപ്പെടുത്തി. നാണം കെട്ട അദ്ദേഹം ഹോര്‍മുസ് തുറക്കാന്‍ അന്താരാഷ്ട്ര സംയുക്ത നീക്കത്തിന് ആഹ്വാനം ചെയ്തു. പക്ഷേ, ആരുമത് ചെവിക്കൊണ്ടില്ല. ഹോര്‍മുസില്‍ പിടിമുറുക്കുകയെന്ന ഇറാനിയന്‍ തന്ത്രം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ശരിതെറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇറാന്റെ തന്ത്രപരമായ വിജയമായി അതിനെ കാണാവുന്നതാണ്. ഇറാന്റെ സൈനിക ശേഷിയില്‍ പ്രഹരമേല്‍പ്പിക്കുന്നതില്‍ അമേരിക്ക ചില വിജയങ്ങള്‍ നേടിയെന്നത് വസ്തുതയാണ്. എന്നാല്‍ ഇറാനുമേല്‍ വിജയം നേടിയെന്ന് പറയാന്‍ ഇതു മതിയാകില്ല. കുറേ മനുഷ്യരെ കൊന്നു. കുറേ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. ലോകത്തെ മുഴുവന്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എടുത്തെറിഞ്ഞു. അതിലപ്പുറം എന്താണ് നേടിയത്?

ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതായിരുന്നുവല്ലോ സുപ്രധാന ലക്ഷ്യം. ഇറാന്‍ ആണവബോംബ് നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയിരുന്നുവെന്ന വ്യാജം പ്രചരിപ്പിച്ചാണ് ട്രംപിന്റെ സഹായികള്‍ ആക്രമണങ്ങളെ ന്യായീകരിച്ചത്. ആയുധ നിര്‍മാണത്തിനായി തെഹ്റാന്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള, ഏകദേശം 970 പൗണ്ട് (440 കിലോഗ്രാം) വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമുണ്ടെന്നായിരുന്നു പ്രചാരണം. ഇത് കണ്ടെടുക്കും; നശിപ്പിക്കുമെന്നായിരുന്നു മേയ് 29ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആഗസ്റ്റിൽ ആ ലക്ഷ്യത്തെക്കുറിച്ച് ട്രംപ് മിണ്ടുന്നേയില്ല.

ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. ഇറാന്റെ മിസൈലുകള്‍ ഏതാണ്ട് പൂര്‍ണമായി നശിപ്പിക്കപ്പെട്ടുവെന്നും 90 ശതമാനത്തോളം വിക്ഷേപണ സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും മാര്‍ച്ച് അവസാനത്തോടെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മേയ് ആയപ്പോള്‍ ഈ കണക്കുമാറി. 82 ശതമാനമായി. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതുള്‍പ്പെടെ, മേഖലയില്‍ ആക്രമണങ്ങള്‍ നടത്താനുള്ള തങ്ങളുടെ ശേഷി ഇറാന്‍ അപ്പോഴും തെളിയിച്ചുകൊണ്ടിരുന്നു. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള നടപടികള്‍ തുടരുന്നുവെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡിന് ജൂലൈയില്‍ പോലും സമ്മതിക്കേണ്ടിവന്നു. എന്താണിതിനര്‍ഥം? ഇറാന്‍ പ്രത്യാക്രമണ സജ്ജമാണെന്ന് തന്നെയല്ലേ.

ഇറാനിലെ പ്രതിരോധ വ്യവസായ അടിത്തറ തകര്‍ക്കുകയെന്നത് യുദ്ധത്തിന്റെ തുടക്കത്തില്‍ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും മുന്നോട്ടുവെച്ച ലക്ഷ്യമാണ്. ആക്രമണങ്ങള്‍ക്കായി തിരഞ്ഞെടുത്ത ലക്ഷ്യങ്ങളില്‍ ആയുധ നിര്‍മാണ കേന്ദ്രങ്ങളും മിസൈല്‍, ഡ്രോണ്‍ നിര്‍മാണ ശാലകളും ഉള്‍പ്പെട്ടിരുന്നതായി സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ആ ലക്ഷ്യവും ഉപേക്ഷിക്കുന്നതാണ് കണ്ടത്. അറബ് സഖ്യ കക്ഷികളെ സംരക്ഷിക്കുന്നതിലാണ് ട്രംപ് തീര്‍ത്തും പരാജയപ്പെട്ടത്. സൗദി അറേബ്യ, ഖത്വര്‍, യു എ ഇ, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയവ അമേരിക്കയെ സമ്പൂര്‍ണമായി അവിശ്വസിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ഈ ആക്രമണപരമ്പരയുടെ ഏറ്റവും പ്രധാന “നേട്ടം’. തുര്‍ക്കിയ, സഊദി അറേബ്യ, പാകിസ്താന്‍ എന്നവയുള്‍പ്പെട്ട മക്ക ഉടമ്പടി ഈ അവിശ്വാസത്തിന്റെ ഉപോത്പന്നമാണ്. ഇതിന്റെ ഭാവിയെന്തായാലും ലോകത്തിനാകെ വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ഈ സൈനിക, പ്രതിരോധ സഹകരണം. കൂടുതല്‍ രാജ്യങ്ങള്‍ ഈ സഖ്യത്തിലേക്ക് കടന്നുവരുമെന്നാണ് ഏറ്റവും പുതിയ വിലയിരുത്തല്‍. സര്‍വ കെട്ടും വിട്ട നിലയിലാണ് ഇക്കാര്യത്തില്‍ ട്രംപ്. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകളുടെ പേരില്‍ ട്രംപ് ഒമാനെ തെറിവിളിച്ചു. “തടസ്സമായി നിന്നാല്‍’ ഒമാനിൽ ബോംബിടാന്‍ മടിക്കില്ലെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് ട്രംപ് അശ്ലീല പദപ്രയോഗം നടത്തിയത്.

“ഇറാന്‍ ഭരണകൂടത്തിന് അതിര്‍ത്തിക്ക് പുറത്തുള്ള ഭീകര സേനകള്‍ക്ക് ആയുധം നല്‍കാനും ധനസഹായം നല്‍കാനും അവരെ നിയന്ത്രിക്കാനും കഴിയാത്ത സാഹചര്യം ഉറപ്പാക്കു’മെന്നായിരുന്നു ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം. ഇറാഖിലെ ഇറാന്‍ അനുകൂല മിലിഷ്യ ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഒടുവില്‍ അതും നിര്‍ത്തേണ്ടി വന്നു. തുടക്കത്തില്‍ കളത്തിലില്ലാതിരുന്ന ഹൂതികള്‍ ബാബ് അല്‍ മന്‍ദിബില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുന്നതാണ് ഒടുവില്‍ കാണുന്നത്. ലബനാനില്‍ ഹിസ്ബുല്ലക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളെ ട്രംപിന് തള്ളിപ്പറയേണ്ടിവന്നു. ചുരുക്കത്തില്‍ എല്ലാ ഉന്നവും പിഴച്ച് വിയര്‍ത്തുനില്‍ക്കുന്ന യു എസിനെയാണ് ഈ ആറാം മാസം കാണുന്നത്. അമേരിക്ക പിന്‍വാങ്ങിയാലും ഇസ്‌റാഈല്‍ അടങ്ങില്ലെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. അത് പക്ഷേ, വെറുംവാക്കായി മാത്രമേ ലോകം കാണുന്നുള്ളൂ.

ഒരു യുദ്ധവും ആരും ജയിക്കുന്നില്ലെന്ന സത്യം തന്നെയാണ് ഒടുവില്‍ അവശേഷിക്കുന്നത്. ഇറാനുണ്ടായ നഷ്ടം അപരിഹാര്യമാണ്. അറബ് മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങള്‍ എത്രയൊക്കെ നീതീകരിക്കാന്‍ ശ്രമിച്ചാലും ഉണങ്ങാത്ത മുറിവായി തന്നെ അവശേഷിക്കും. നീതിരഹിതമായ ഉപരോധങ്ങളിലേക്ക് ഇറാന്‍ എടുത്തെറിയപ്പെടും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest