Connect with us

Kerala

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം: എസ് എസ് എഫ്

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന അനലൈസ സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് | സ്കൂൾ വിദ്യാഭ്യാസ രംഗത്ത് രൂപപ്പെട്ട പ്രതിസന്ധികൾ മറികടക്കാൻ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കൗൺസിൽ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്നുണ്ടായ ഓൺലൈൻ പഠനം രാജ്യത്ത് വലിയ തോതിൽ ഡിജിറ്റൽ വിവേചനവും വിദ്യാഭ്യാസ അനിശ്ചിതത്വവും സൃഷ്ടിച്ചുവെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 32 കോടി വിദ്യാർഥികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായെന്നും 70 ശതമാനം വിദ്യാർഥികൾക്കും ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാകാതെ പോയെന്നും ദീർഘകാല അടച്ചിടൽ കുട്ടികളുടെ മാനസികനിലയെ പ്രതികൂലമായി ബാധിച്ചുവെന്നും സമിതി റിപ്പോർട്ട് ചെയ്തിരുന്നു.

വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും അടിയന്തര വാക്സിൻ നൽകിയും ഒന്നിടവിട്ട ദിവസങ്ങളിലോ, ഷിഫ്റ്റുകളിലോ ക്ലാസുകൾ ആരംഭിച്ചും ഔപചാരിക  വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു പോകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. വളരെ വേഗം വിദ്യാലയങ്ങൾ തുറക്കാനാവശ്യമായ ഭൗതിക പശ്ചാത്തലം ഒരുക്കിയെടുക്കുന്നതിൽ സജീവ ശ്രദ്ധ ഉണ്ടാകണമെന്നും പ്രമേയം നിർദേശിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ സ്വാദിഖ് പ്രമേയം അവതരിപ്പിച്ചു.

ഡിജിറ്റലായി നടന്ന കൗൺസിലിൽ സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം ക്ലാസിന് നേതൃത്വം നൽകി. റിപ്പോർട്ട് അവതരണം, ചർച്ച, സബ്മിഷൻ, എന്നിവക്ക് സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, സി ആർ കെ മുഹമ്മദ്, സയ്യിദ് ആശിഖ് തങ്ങൾ കൊല്ലം, ഫിർദൗസ് സഖാഫി കണ്ണൂർ, ഹാമിദലി സഖാഫി കോഴിക്കോട്, ഡോ. അബൂബക്കർ മലപ്പുറം, എം നിയാസ്, എം  ജുബൈർ, കെ ബി ബഷീർ നേതൃത്വം നൽകി. എ പി മുഹമ്മദ് അശ്ഹർ, സി കെ റാശിദ് ബുഖാരി, എന്‍ വി സിദ്ദീഖ് സഖാഫി  സംസാരിച്ചു.

Latest