Kerala
കോണ്‍ഗ്രസ് പുനഃസംഘടന: നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം | കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള കടുത്ത അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയില്‍ ഒരു കൂടിയാലോചനകളും നടക്കുന്നില്ലെന്നും ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനെന്ന് പറഞ്ഞ് ഇപ്പോഴത്തെ സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയാണെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരാതിപ്പെട്ടു. ഡി സി സി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടിക ഉണ്ടാക്കിയപ്പോള്‍ കെ സുധാകരന്റെ നേതൃത്വത്തിലുള്ള നേതൃത്വം കൂടിയാലോചന നടത്തിയില്ലെന്നും ഇരുവരും പരാതിപ്പെട്ടതായാണ് വിവരം.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കിയ പരാതിക്ക് പുറമെ ഇതിലും കടുത്ത ഭാഷയിലാണ് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. തന്നെ ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തി അപമാനിച്ചതായാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. എ കെ ആന്റണിയുമായും മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തി. ഫോണില്‍ ബന്ധപ്പെട്ട കെ സുധാകരനോട് തട്ടിക്കയറിയ മുല്ലപ്പള്ളി രൂക്ഷമായി പ്രതികരിച്ചതായുമാണ് റിപ്പോര്‍ട്ട്.