International
താലിബാന്‍ കാബൂളിനരികെ: ഏത് നിമിഷവും പിടിച്ചടക്കും

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ ഏത് നിമിഷവും താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലാകുമെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ കാബൂളിന്റെ തൊട്ടടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിനകം 18 പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചടക്കിയിട്ടുണ്ട്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ മസരേ ശരീഫ് ആണ് ഇന്ന് പിടിച്ചടക്കിയത്. അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും ഇപ്പോള്‍ താലിബാന്‍ ഭരണം തുടങ്ങിക്കഴിഞ്ഞു. കീഴടങ്ങിയ അഫ്ഗാനി സൈനികരെ പോലും കൊന്നൊടുക്കി താലിബാന്‍ നരനായാട്ട് തുടരുകയാണന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താലിബാന്‍ കാബൂളിന് അടുത്ത് എത്തിയതായാ വര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ എംബസികള്‍ അടച്ചു. തങ്ങളുടെ പൗരന്‍മാരെ പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് അമേരിക്ക.
അതിനിടെ രാജ്യത്ത് അസ്ഥിരിത തുടരാന്‍ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ജനങ്ങളോടായി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹവുമായും പ്രദേശിക നേതൃത്വവുമായും ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും. ജനങ്ങള്‍ അഭയാര്‍ഥികളായി മാറുന്ന സാഹചര്യം സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അശ്‌റഫ് ഗനിയുടെ പുതിയ പ്രസ്ഥാവനകളുടെ സാഹചര്യത്തില്‍ അദ്ദേഹം രാജിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഏതെങ്കിലും വിദേശ രാജ്യത്തിന്റെ അഭയം സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.