Ongoing News
ഇന്ത്യ 364ന് പുറത്ത്; ഇംഗ്ലണ്ട് മൂന്നിന് 119

ലോര്‍ഡ്‌സ് | ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 48 റണ്‍സുമായി നായകന്‍ ജോ റൂട്ടും ആറ് റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍. ഡൊമിനിക് സിബ്ലി (11), ഹസീബ് ഹമീദ് (0), റോറി ബേണ്‍സ് (49) എന്നിവരാണ് പുറത്തായത്. 23 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് സിബ്ലിയുടെയും ഹമീദിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. 15-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മുഹമ്മദ് സിറാജാണ് ഇരുവരെയും തിരിച്ചയച്ചത്. മുഹമ്മദ് ഷമിക്കാണ് ബേണ്‍സിന്റെ വിക്കറ്റ്.
മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ 364-ല്‍ ഒതുക്കിയത്.
ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ (129) ശതകം കുറിച്ചു. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഒലെ റോബിന്‍സണാണ് രാഹുലിന്റെ വിക്കറ്റെടുത്തത്. രോഹിത് ശര്‍മ 83 റണ്‍സെടുത്തു. 126 റണ്‍സാണ് രോഹിത്ത്-രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് അടിച്ചെടുത്തത്.നായകന്‍ വിരാട് കോലി 42 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഋഷഭ് പന്ത്-രവീന്ദ്ര ജഡേജ സഖ്യം 49 റണ്‍സ് ചേര്‍ത്തു.