Gulf
പ്രവാചക നഗരിയില്‍ തീര്‍ഥാടകര്‍ക്ക് ഇനി 'സംസം' പുണ്യജലം ശേഖരിക്കാം

മദീന | പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികള്‍ക്ക് ഇനിമുതല്‍ “സംസം” പുണ്യജലം ശേഖരിക്കാം. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജലവിഭവ വകുപ്പ്-ഇരുഹറം മന്ത്രാലയം, മസ്ജിദുന്നബവി ജനറല്‍ പ്രസിഡന്‍സി മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലാണ് മസ്ജിദുന്നബവിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കുകള്‍, രണ്ട് പ്രഷര്‍ ടാങ്കുകള്‍, മൂന്ന് വാട്ടര്‍ ഫീഡിംഗ് പമ്പുകള്‍, രണ്ട് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫില്‍ട്ടറുകള്‍, രണ്ട് യുവി സ്റ്റെറിലൈസറുകള്‍ എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 330 മീറ്ററിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
രാവിലെയും വൈകുന്നേരവുമാണ് സംസം ശേഖരിക്കാന്‍ അനുമതിയുള്ളത്. ഇതിനായി https://eservices.wmn.gov.sa എന്ന ഇലക്ട്രോണിക് ലിങ്ക് വഴി ബുക്ക് ചെയ്യണമെന്ന് മന്ത്രലായം അറിയിച്ചു. മദീന പ്രവിശ്യയിലുള്ളവര്‍, ഹജ്ജ് -ഉംറ തീര്‍ഥാടകര്‍, പ്രവാചക നഗരിയിലെത്തുന്നവര്‍ എന്നിവര്‍ക്ക് ഇനിമുതല്‍ സംസം ലഭിക്കുന്നതായി മക്കയെ ആശ്രയിക്കേണ്ടി വരില്ല എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. നേരത്തെ മക്കയിലെ സംസം ഫാക്ടറിയില്‍ നിന്നായിരുന്നു ജലം ശേഖരിച്ചിരുന്നത്.