Connect with us

National

അസമില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് 2000 ക്ഷീരകര്‍ഷകര്‍

Published

|

Last Updated

ഡിസ്പുര്‍ | അസമില്‍ സ്‌കൂളിന്റെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണ് 2000ത്തോളം ക്ഷീരകര്‍ഷകര്‍. ഒരു സഹകരണ സംഘത്തിലെ ക്ഷീകര്‍ഷകരാണിവര്‍. ഇതുവരെ സര്‍ക്കാര്‍ ഫണ്ടുകളൊന്നും ലഭിക്കാത്ത സ്‌കൂളിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുവേണ്ടിയാണ് ഇവര്‍ സഹായമെത്തിക്കുന്നത്.

കര്‍ഷകര്‍ വില്‍ക്കുന്ന ഒരു ലിറ്റര്‍ പാലില്‍ നിന്ന് 15 പൈസ സംഭാവനയായി നല്‍കുന്നതാണ് പദ്ധതി. ഇത്തരത്തില്‍ ശേഖരിച്ച പണം സംസ്ഥാനത്തെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലൊന്നായ സീതാജഖല മില്‍ക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സീതജാഖല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കൈമാറിയതായി അധികൃതര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ ചെക്കാണ് സഹകരണ സംഘം നല്‍കിയത്.

സ്‌കൂളിന്റെ പത്താം ക്ലാസ് വരെയുള്ള നടത്തിപ്പിന് വേണ്ടിയുള്ള ധനസഹായം 1986ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. ക്ഷീരകര്‍ഷകരുടെ പിന്തുണയോടെ സീതാജഖല മില്‍ക്ക് കോഓപ്പറേറ്റീവ് സൊസൈറ്റി വരും വര്‍ഷങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡിന്റെ തുടക്കത്തില്‍ ക്ഷീരവ്യവസായ മേഖല പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ക്ഷീരകര്‍ഷകര്‍ ഒറ്റക്കെട്ടായി സഹായം നല്‍കുമെന്നും വ്യക്തമാക്കി.

Latest