Connect with us

Kerala

ഹജ്ജ് കമ്മിറ്റി പുനസ്സംഘടന; ഐ എന്‍ എല്ലിനു പ്രാതിനിധ്യം നഷ്ടമായി

Published

|

Last Updated

തിരുവനന്തപുരം | തുടര്‍ ഭരണം ലഭിച്ച ഇടതു സര്‍ക്കാര്‍ സംസ്ഥാന ഹജ്ജ കമ്മിറ്റി പുനസ്സംഘടിപ്പിച്ചപ്പോള്‍ മുന്നണി ഘടക കക്ഷിയായ ഐ എന്‍ എല്ലിന് പ്രതിനിധിയില്ല. നേരത്തെ ഉണ്ടായിരുന്ന പ്രതിനിധിയെ ഉള്‍പ്പെടുത്താതെയാണ് പുനസ്സംഘടന സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങിയത്.

തൃക്കരിപ്പൂരില്‍ നിന്നുള്ള ഷംസുദ്ധീന്‍ ആയിരുന്നു നിലവില്‍ ഐ എന്‍ എല്‍ പ്രതിനിധി. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള നോമിനി എന്ന നിലയിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ തദ്ദേശ ഭരണസ്ഥാപനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തെ ഒഴിവാക്കിയത് ഐ എന്‍ എല്ലിനു തിരിച്ചടിയായി.

പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഐ എന്‍ എല്ലിനു പ്രതിനിധിയെ നഷ്ടപ്പെട്ടത് എന്നാണ് കരുതുന്നത്. പാര്‍ട്ടി പിളര്‍ന്നതോടെ ഇരു വിഭാഗങ്ങളേയും മാറ്റി നിര്‍ത്തുമെന്ന സൂചന എല്‍ ഡി എഫ് നല്‍കിയിരുന്നു. പിളര്‍പ്പ് ഇരുവിഭാഗത്തിനും മുന്നണി ഘടകക്ഷി പദവി വരെ നഷ്ടമാക്കിയേക്കുമെന്നും ആശങ്കയുണ്ട്.

പിളര്‍പ്പിനു ശേഷം രണ്ടു വിഭാഗത്തേയും മുന്നണിയില്‍ ഉള്‍പ്പെടുത്തുക എന്ന രീതി എല്‍ ഡി എഫ് സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് സി പി എം നല്‍കിയിട്ടുണ്ട്.
ഇത്തവണയും ഹജ്ജ് കമ്മിറ്റിയില്‍ അംഗത്വം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും കാസിം ഇരിക്കൂര്‍ പക്ഷം ഷംസുദ്ധീന്‍ തൃക്കരിപ്പൂരിനെ അറിയിച്ചിരുന്നുവെന്നാണു വിവരം. എന്നാല്‍ പുനസ്സംഘടന നടന്നപ്പോള്‍ അദ്ദേഹം എങ്ങിനെ പുറത്തായി എന്ന കാര്യം വിശദീകരിക്കാന്‍ കാസിം പക്ഷത്തിനു കഴിയുന്നില്ല.

ഐ എന്‍ എല്ലിന് ഇത്തവണ പ്രതിനിധി ഉണ്ടാവില്ലെന്ന് തങ്ങള്‍ കണക്കു കൂട്ടിയിരുന്നു എന്നാണ് വഹാബ് പക്ഷം പറയുന്നത്. പാര്‍ട്ടിയെ പിളര്‍ത്തിയവര്‍ക്കുള്ള ആദ്യത്തെ സൂചനയാണിതെന്നാണ് അവര്‍ കരുതുന്നത്.

ഷംസുദ്ധീന്‍ താല്‍ക്കാലിക അംഗമായിരുന്നുവെന്നും ഐ എന്‍ എല്‍ പ്രതിനിധി പാലക്കാടുനിന്നുള്ള സുലൈഹ ആയിരുന്നുവെന്നും കാസിം ഇരിക്കൂര്‍ പക്ഷം പറയുന്നു. അവര്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് ഷംസുദ്ധീന് അവസരം ലഭിച്ചത്. ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നഷ്ടമായതു സംബന്ധിച്ചു ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്തുമെന്ന് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. ഇതേ സമയം, പി ടി എ റഹീം എം എല്‍ എക്ക് കമ്മിറ്റിയില്‍ സ്ഥാനം ലഭിച്ചിട്ടുമുണ്ട്.

ഇതിനിടെ ഐ എന്‍ എല്ലിലെ പിളര്‍പ്പിനു പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇരുപക്ഷവും പറയുന്നു. ദേശീയ നേതൃത്വത്തിന്റെ കേരളത്തിലെ ഇടപെടല്‍ എന്ന വിഷയത്തില്‍ തട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നിലച്ചിരിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചുകൊണ്ട് ഉത്തരവായതായി മന്ത്രി വി അബ്ദുറഹ്മാന്‍ ആണ് പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, പി വി അബ്ദുള്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, എ സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുള്‍ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ എക്‌സ് ഒഫീഷ്യോ അംഗമാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest