Editorial
കൊവിഡിനു പിന്നാലെ ലോംഗ് കൊവിഡ്

രാജ്യത്ത് കൊവിഡ് കുറഞ്ഞു വരികയാണെന്ന ആശ്വാസത്തിലാണ് സര്‍ക്കാറും ജനങ്ങളും. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 28,204 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 147 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ഈ ആശ്വാസ വാര്‍ത്തക്കിടെയാണ് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അല്ലെങ്കില്‍ ലോംഗ് കൊവിഡ് (കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുള്ള ദീര്‍ഘകാല രോഗാവസ്ഥ) സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ലോംഗ് കൊവിഡ് ഒരു യാഥാര്‍ഥ്യമാണെന്നും ഇതിനെ ലോകാരോഗ്യ സംഘടന ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നും യു എന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ കൊവിഡ് ടെക്നിക്കല്‍ സമിതി മേധാവി മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ ഏറ്റവും നിഗൂഢമായ വശങ്ങളിലൊന്നായി ലോംഗ് കൊവിഡ് തുടരുകയാണ്. എത്രകാലം ഇത് നീണ്ടുനില്‍ക്കുമെന്ന കാര്യം തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് നിരവധി പേര്‍ ലോംഗ് കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. കൊവിഡ് മുക്തരായിട്ടും ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നുവെങ്കില്‍ അത് നിസ്സാരമായി കാണരുതെന്നും വൈദ്യസഹായം തേടണമെന്നും സംഘടന നിര്‍ദേശിക്കുന്നു.
ദീര്‍ഘകാല കൊവിഡ് നേരിടുന്ന രോഗികള്‍ക്ക് 200ലധികം ലക്ഷണങ്ങള്‍ ഉണ്ടായേക്കാമെന്ന് ലാന്‍സെറ്റ് ജേണലിലെ ഇ ക്ലിനിക്കല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷീണം, കഠിനാധ്വാനത്തിനു ശേഷമുള്ള അസ്വാസ്ഥ്യങ്ങള്‍, വിറയല്‍, ചൊറിച്ചില്‍, ആര്‍ത്തവ ചക്രത്തിലെ മാറ്റങ്ങള്‍, ലൈംഗിക ശേഷിയില്ലായ്മ, ഹൃദയമിടിപ്പ്, ഓര്‍മക്കുറവ്, കാഴ്ച മങ്ങല്‍, വയറിളക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. യൂനിവേഴ്സിറ്റി കോളജ് ലണ്ടനിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള 3,762 പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ലോംഗ് കൊവിഡിനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ കണ്ടെത്തിയത്. വൈറസ് ബാധിച്ച് 16 മാസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ആളുകളുണ്ടെന്ന് യൂനിവേഴ്സിറ്റി കോളജ് ലണ്ടനിലെ ന്യൂറോ സയന്റിസ്റ്റും മുതിര്‍ന്ന ഗവേഷകയുമായ അഥീന അക്രാമി പറയുന്നു. പതിനായിരക്കണക്കിന് ദീര്‍ഘകാല കൊവിഡ് രോഗികള്‍ ഇപ്പോഴും അവരുടെ അവസ്ഥ പുറത്തു പറയാതെ നിശ്ശബ്ദരായി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. ഇവ കൊവിഡുമായി ബന്ധപ്പെട്ടുള്ളതാണോ അല്ലയോ എന്ന ഉറപ്പ് അവര്‍ക്ക് ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സാര്‍സ് വ്യാപന കാലത്ത് ഇതുപോലെ “പോസ്റ്റ് സാര്‍സ് സിന്‍ഡ്ര”വും പ്രകടമായിരുന്നു.
ഇന്ത്യയിലും കണ്ടുവരുന്നു കൊവിഡ് മുക്തരില്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍. ആദ്യം മ്യൂക്കോര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിന്റെ രൂപത്തിലാണ് ഇത് പ്രകടമായത്. അസ്ഥികോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലര്‍ നെക്രോസിസ് (എ വി എന്‍) എന്ന രോഗവും കാണപ്പെടുന്നു. അസ്ഥികളിലേക്ക് താത്കാലികമായോ പൂര്‍ണമായോ രക്തയോട്ടം നിലക്കുന്നതാണ് എ വി എന്‍ എന്ന രോഗാവസ്ഥ. അസ്ഥികോശങ്ങള്‍ നശിക്കുന്നതിനും അസ്ഥികള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും ഇത് കാരണമാകുന്നു. മുംബൈയില്‍ മൂന്ന് പേരില്‍ എ വി എന്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രമേഹം, രക്തം കട്ടപിടിക്കല്‍, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയും പലരിലും പ്രകടമാകുന്നു. കൊവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളില്‍ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടര്‍ രോഗാവസ്ഥക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശ്വാസകോശത്തിന് പുറമെ രക്തക്കുഴലുകളെയും കൊവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടര്‍ രോഗാവസ്ഥക്ക് കാരണം. കൊവിഡ് രോഗികള്‍ ചില മരുന്നുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നതും തുടര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത്.
സാധാരണ ജലദോഷമുണ്ടാക്കുന്ന റൈനോ വൈറസ്, അഡിനോ വൈറസ് എന്നിവയെപ്പോലെയല്ല കൊവിഡ് വൈറസ്. സാധാരണ വൈറസുകള്‍ മൂക്കിന്റെ ഭാഗത്തു മാത്രമേ ബാധിക്കുകയുള്ളൂ. അവ മൂക്കടപ്പ്, തുമ്മല്‍, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് വേഗത്തില്‍ സുഖപ്പെടുകയാണ് പതിവ്. എന്നാല്‍ ശ്വാസകോശം, നാഡീവ്യൂഹം, ഹൃദയം തുടങ്ങി ശരീരത്തിലെ മറ്റു പല അവയവങ്ങളെയും ബാധിച്ചേക്കാം കൊവിഡ് വൈറസ്. ബാധിച്ചുകഴിഞ്ഞാല്‍ ഈ അവയവങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കും. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം പലരിലും ഹൃദയ സ്തംഭനം, രക്തം കട്ടപിടിക്കല്‍, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത് ഇതുകൊണ്ടാണ്. വേണ്ടത്ര ഗൗനിച്ചില്ലെങ്കില്‍ അപകടാവസ്ഥയിലാകുകയും ചെയ്യും. കുറഞ്ഞ മരണ നിരക്കും കൂടുതല്‍ പേര്‍ക്ക് വേഗം മുക്തി കൈവരുന്നതും കണ്ട് കൊവിഡ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇതുമൂലം മിക്ക ആളുകളും കൊവിഡ് നിയന്ത്രണങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ആരോഗ്യ വകുപ്പിന്റെ നിരന്തരമായുള്ള നിര്‍ദേശങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. കൊവിഡ് വന്നു പോകട്ടെ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇത് അപകടമാണെന്നും കൊവിഡ് സ്ഥിരീകരിച്ച് ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കൊവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. 30 ശതമാനം പേര്‍ക്കും മൂന്ന് മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന രോഗമെന്ന നിലയിലാണ് കൊവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. കൊവിഡ് മുക്തര്‍ കുറേനാള്‍ കൂടി കരുതല്‍ തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.