International
താലിബാന് മുമ്പില്‍ അധികാരം പങ്കിടല്‍ വാഗ്ദാനവുമായി അഫ്ഗാന്‍ സര്‍ക്കാര്‍

ദോഹ | ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി അധികാരം പങ്കിട്ട് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമം. ഖത്തറില്‍ നടന്ന ചര്‍ച്ചയില്‍ അധികാരം പങ്കിടല്‍ സംബന്ധിച്ച സന്നദ്ധത അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനെ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് മാത്രമാണ് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി അബ്ദുല്ല അബ്ദുല്ലയുടെ പ്രതികരണം.
അഫ്ഗാനിലെ പല പ്രവിശ്യകളിലും ശക്തമായ പോരാട്ടം നടക്കുകയാണ്. ഇതിനകം തന്ത്രപ്രധാന ഗസ്‌നി പ്രവിശ്യയും താലിബിന്റെ നിയന്ത്രണത്തിലായി. തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രമുള്ള പ്രവിശ്യയാണിത്. പിടിച്ചടക്കിയ പ്രദേശങ്ങളില്‍ താലിബാന്‍ സമാന്തര സര്‍ക്കാര്‍ ഭരണവും ആരംഭിച്ച് കഴിഞ്ഞു. കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ അവരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. അമേരിക്ക പിന്‍മാറിയതോടെ താലിബാന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അഫ്ഗാന്‍ സൈന്യം പ്രയാസപ്പെടുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്.
താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളുടെ കൂട്ടപലായനം നടക്കുകയാണ്. നിരവധി പേര്‍ കാബൂള്‍ നഗരത്തിലേക്ക് എത്തുന്നുണ്ട്. ഇവരോടൊപ്പം താലിബാന്‍ പോരാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള അഫ്ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം കീഴ്ടങ്ങിയ അഫ്ഗാന്‍ സൈനികരെ പോലും താലിബാന്‍ വധിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. 90 ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം.