Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത വിഷയവും പ്രതിപക്ഷം ഉന്നയിക്കും. യു എ ഇ സന്ദര്‍ശനത്തിലായിരുന്ന മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് കൊണ്ടുപോയെന്നാണ് സരിത്തിന്റെ മൊഴിയിലുളളത്. കഴിഞ്ഞ ദിവസമാണ് മൊഴി പുറത്ത് വന്നത്. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് മൊഴിയെ കുറിച്ച് പറയുന്നത്.

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനത്തിനിടെ സ്വപ്ന സുരേഷ് തന്നെ വിളിച്ചെന്നും കൊണ്ടുപോകേണ്ട ഒരു പായ്ക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നുവെന്ന് അറിയിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റില്‍ പോയി അത് കൈപ്പറ്റണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്ന് പായ്ക്കറ്റ് ഏറ്റുവാങ്ങി. ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പാക്കറ്റ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്ന് സ്‌കാനറില്‍ വച്ച് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകളാണെന്ന് മനസ്സിലായത്. സ്വപ്നയുടെ നിര്‍ദേശ പ്രകാരം പായ്ക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരം പായ്ക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞതായും സരിത്തിന്റെ മൊഴിയിലുണ്ട്.

Latest