Ongoing News
യുവാവിനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു

അടൂര്‍ | ജനറലാശുപത്രിക്ക് മുന്നില്‍ റോഡരുകില്‍ നിന്ന യുവാവിനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടക്കടത്തുകാവ് കിണറുവിളയില്‍ ബിജോയ് തോമസി(38)നെയാണ് വാഹനമിടിച്ച് പരുക്കേല്‍പിച്ചത്. തോളെല്ലിന് പരുക്കേറ്റ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11.15നാണ് സംഭവം. രാത്രി 10.30ന് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ഡിവൈഡറില്‍ ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം റോഡരികില്‍ നില്‍ക്കവെയാണ് കാര്‍ പാഞ്ഞെത്തി ബിജോയ് തോമസിനെ ഇടിച്ച് പരുക്കേല്‍പിച്ചത്. സംഭവം കണ്ട് ഓടികൂടിയവര്‍ ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ട് ദിവസം മുന്‍പ് ബിജോയ് തോമസിന്റെ സുഹൃത്ത് സുബിന്റെ കാര്‍ പറക്കോട് വച്ച് ഒരു ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. അവിടെ വച്ച് വാക്കുതര്‍ക്കം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്ന് പോലീസ് പറഞ്ഞു. എസ് എച്ച് ഒ. ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.