Oddnews
ദേശവിരുദ്ധ കരോക്കെ സംഗീതം നിരോധിച്ച് ചൈന; ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ബീജിംഗ് | ദേശവിരുദ്ധ ഉള്ളടക്കമുള്ള കരോക്കെ സംഗീതം നിരോധിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍. രാജ്യത്തെ സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ നിരോധനം നിലവില്‍ വരും. ചൈനയുടെ ദേശീയ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവ അപകടത്തിലാക്കുന്ന കരോക്കെ സംഗീതത്തിനാണ് വിലക്കുള്ളത്. കൂടാതെ വംശീയ വിദ്വേഷം, വംശീയ വിവേചനം എന്നിവയുണ്ടാക്കുന്ന പാട്ടുകള്‍, ദേശീയ സുരക്ഷ അപകടത്തിലാക്കുന്നതും ദേശീയ താത്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അന്തസ്സിനും ഹാനികരവുമായ ഗാനങ്ങള്‍, രാഷ്ട്രീയ മത നയങ്ങളെ ലംഘിക്കുന്ന പാട്ടുകള്‍, അശ്ലീലം, അക്രമം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഗീതം എന്നിവയാണ് നിരോധന പട്ടികയിലുള്ളത്. ഗാനങ്ങളുടെ ഉള്ളടക്കം തയ്യാറാക്കുന്നവരും പൊതുപരിപാടികളില്‍ പാട്ടുകള്‍ അവതരിപ്പിക്കാന്‍ പോകുന്നവരും സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
സംഗീത, നൃത്ത പരിപാടികള്‍ നടത്തുന്ന 50,000 അരങ്ങുകള്‍ ചൈനയിലുണ്ടെന്നാണ് കണക്ക്. കൂടാതെ ലക്ഷത്തിലധികം പാട്ടുകളുള്ള ലൈബ്രറികളും ഓരോ വേദികളിലുമുണ്ട്. അതുകൊണ്ട് നിയമവിരുദ്ധ പാട്ടുകള്‍ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. 2018ല്‍ കോപ്പിറൈറ്റ് ലംഘന കുറ്റം ആരോപിച്ച് ചൈന 6,000 കരോക്കെ പാട്ടുകള്‍ നിരോധിച്ചിരുന്നു.