Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുമ്പ്; ഭക്ഷ്യ ഭദ്രതാ അലവന്‍സും വിതരണം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഓണത്തിന് മുമ്പ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വരെ ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍, ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിലേക്കുള്ള അലവന്‍സ് വിതരണം ഓണത്തിന് മുമ്പ് ആരംഭിക്കും.

ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റുകളുമാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 27,52,919 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷ്യല്‍ വിദ്യാലയങ്ങളിലെ കാഴ്ച, കേള്‍വി പരിമിതികളുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിന് രണ്ട് കിലോഗ്രാമും പ്രൈമറി വിഭാഗത്തിന് ആറ് കിലോഗ്രാമും ഭക്ഷ്യധാന്യമാണ് വിതരണം ചെയ്യുക. ഇതിനു പുറമെ, രണ്ട് വിഭാഗങ്ങള്‍ക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളും വിതരണം ചെയ്യും. അപ്പര്‍ പ്രൈമറി വിഭാഗക്കാര്‍ക്ക് 10 കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയ കിറ്റുകളുമാണ് വിതരണം ചെയ്യുക.

പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകളില്‍ 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, ഒരു കിലോഗ്രാം വറുത്ത റവ, ഒരു കിലോഗ്രാം റാഗിപ്പൊടി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍ പ്രൈമറി വിഭാഗത്തിനുള്ള കിറ്റുകളില്‍ ഒരു കിലോഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോഗ്രാം ഉഴുന്നുപരിപ്പ്, ഒരു കിലോഗ്രാം വറുത്ത റവ, ഒരു കിലോഗ്രാം റാഗിപ്പൊടി, 2 ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും സ്‌കൂളുകളില്‍ എത്തിക്കുക. സ്‌കൂള്‍ പി ടി എ, ഉച്ചഭക്ഷണ കമ്മിറ്റി, മദര്‍ പി ടി എ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ രക്ഷിതാക്കള്‍ക്ക് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും.

---- facebook comment plugin here -----

Latest