Connect with us

National

സഹോദരിമാരായ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി. സോണിപത്ത് ജില്ലയിലെ കുണ്ട്ലിയിലാണ് ക്രൂരത അരങ്ങേറിയത്. 14,16 വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. നാലംഗസംഘം വീട്ടില്‍ കയറി പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിനുശേഷം നിര്‍ബന്ധിച്ച് കീടനാശിനി കുടിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആഗസ്റ്റ് അഞ്ചിന് രാത്രിയിലാണ് ക്രൂരകൃത്യം നടന്നത്.

പെണ്‍കുട്ടികളും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇതിനോട് ചേര്‍ന്ന വാടകമുറിയിലായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരും താമസിച്ചിരുന്നത്. രാത്രിയില്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് കീടനാശിനി കുടിപ്പിച്ചു. പോലീസ് ചോദിച്ചാല്‍ പെണ്‍കുട്ടികളെ പാമ്പ് കടിച്ചതാണെന്ന് പറയണമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ ഒരു പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് രണ്ടുപേരെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഒരാള്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടി ചികിത്സയിലിരിക്കെയും മരിച്ചു.പ്രതികളുടെ ഭീഷണി ഭയന്ന് മക്കളെ പാമ്പ് കടിച്ചതാണെന്നാണ് അമ്മ ആദ്യം ആശുപത്രിയിലും പോലീസിനോടും പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികളെല്ലാം 22 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരാണ്.

Latest