Kerala
സ്വര്‍ണക്കടത്ത്: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്‌റ്റേ

കൊച്ചി | സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി താല്‍കാലികമായി സ്‌റ്റേ ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ സിംഗിള്‍ ബഞ്ച് നടപടി. നേരത്തെ ഇ ഡിക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹര്‍ജി നല്‍കിയത്. ഇത്തരത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കുന്നത് കേന്ദ്ര അന്വേഷണത്തില്‍ ഇടപെടുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്താണ് ഇത്തരത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചത് എന്നും ഇ ഡി ചൂണ്ടിക്കാട്ടി. 1986ലെ കമ്മീഷന്‍ ഓഫ എന്‍ക്വായറീസ് ആക്ടിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഇ ഡി ചൂണ്ടിക്കാട്ടി.
അതേസയം, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പു മാത്രമായ ഇഡിക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു. എന്നാൽ ഈ വാദം കോടതി പ്രാഥമികമായി മുഖവിലക്ക് എടുത്തിട്ടില്ല.
ഇഡിയുടെ വാദങ്ങള്‍ പ്രാഥമികമായി കേട്ട ശേഷമാണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്. കേസില്‍ എതിര്‍കക്ഷികള്‍ക്ക കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗം കൂടി വിശദമായി കേട്ട ശേഷമേ ഇക്കാര്യത്തില്‍ കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയുള്ളൂ.
ജസ്റ്റിസ് വി കെ മോഹനനെയാണ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നത്.