Connect with us

National

ജന്തര്‍ മന്ദറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി സുപ്രീം കോടതി അഭിഭാഷകന്റെ നേതൃത്വത്തില്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗമായ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പരിപാടിക്കിടെ മുസ്ലിംകളെ ലക്ഷ്യമിട്ട് വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി ബി ജെ പിയുടെ മുന്‍ വക്താവുമായ അശ്വനി ഉപാധ്യായയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, വര്‍ഗീയ മുദ്രാവാക്യം വിളിച്ചത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് അശ്വനി ഉപാധ്യായ അവകാശപ്പെട്ടു. അഞ്ചോ ആറോ പേരാണ് മുദ്രാവാക്യം വിളിച്ചതെന്നും എന്നാല്‍ വര്‍ഗീയ മുദ്രാവാക്യം മുഴങ്ങിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുദ്രാവാക്യം മുഴക്കിയതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധി നേടിയ പുരോഹിതനായ നര്‍സിംഗാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിലായിരുന്നു മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍. മുസ്ലിംകള്‍ക്കെതിരെ വംശഹത്യാ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം പി പാര്‍ലിമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

Latest