National
മനുഷ്യാവകാശത്തിന് ഏറ്റവും വലിയ ഭീഷണി ഉയരുന്നത് പോലീസ് സ്‌റ്റേഷനുകളിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി | രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളില്‍ മനുഷ്യാവകാശത്തിന് നേരെയുള്ള ഭീഷണി വളരെ ഉയര്‍ന്ന നിലയിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കസ്റ്റഡിയില്‍ വെച്ചുള്ള പീഡനത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശവും അഭിമാനവും അലംഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി പീഡനവും മറ്റ് പോലീസ് ക്രൂരതകളും ഇപ്പോഴും നമ്മുടെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ്. നിരവധി ഭരണഘടനാ പ്രഖ്യാപനങ്ങളും ഉറപ്പുകളുമുണ്ടെങ്കിലും കാര്യക്ഷമമായ നിയമ പ്രാതിനിധ്യത്തിന്റെ അഭാവം അറസ്റ്റ്/ കസ്റ്റഡി ചെയ്യപ്പെട്ട വ്യക്തികള്‍ക്ക് വലിയ അപകടമാണുണ്ടാക്കുന്നത്.
ആദ്യ മണിക്കൂറുകളിലെടുക്കുന്ന തീരുമാനങ്ങളാണ് ആരോപണവിധേയന്റെ നിയമ നടപടിക്കുള്ള പ്രാപ്തിയെ തീരുമാനിക്കുന്നത്. ഏതെന്ന് വ്യക്തമാക്കിയില്ലെങ്കിലും സമീപകാലത്തെ പല കേസുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.