Kerala
കെ എം ബഷീറിനും നീതി വേണം; മന്ത്രി ആന്റണി രാജുവിന്റെ പോസ്റ്റിന് താഴെ കമന്റ് പ്രവാഹം

കോഴിക്കോട് | ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിസ്മയയുടെ ഭര്‍ത്താവ് എസ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച് മന്ത്രി ആന്റണി രാജു ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് നൂറുക്കണക്കിന് കമന്റുകള്‍. വിസ്മയക്ക് നീതി എന്ന തലക്കെട്ടില്‍ നല്‍കിയ പോസ്റ്റിന് താഴെയാണ് ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറോടിച്ച് കൊലപ്പെടുത്തിയ കെ എം ബഷീറിനും നീതി വേണമെന്ന് ആവശ്യമുയരുന്നത്.
വിസ്മയയുടെ മരണത്തിന് ഉത്തരവാദിയായ കിരണ്‍കുമാറിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ഇതേ രീതിയില്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെയും പിരിച്ചുവിടണമെന്ന് ആവശ്യമുയരുന്നത്. ബഷീറിന്റെ കാര്യത്തിലും കേരളമാകെ ഇങ്ങിനെയൊരു നടടപി ആഗ്രഹിച്ചിരുന്നുവെന്നും അതിന് വിഘാതമായത് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയാണെന്നും കമന്റുകളില്‍ പറയുന്നു.
കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരുകയാണ്. സംഭവത്തിന് പിന്നാലെ ജനരോഷത്തെ തുടര്‍ന്ന് വെങ്കിട്ടരാമനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.