Connect with us

Kerala

പാര്‍ട്ടി  വിഷയങ്ങളില്‍ ഇടപെടുന്നതിന് മന്ത്രി എ കെ ശശീന്ദ്രന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്: പി സി ചാക്കോ

Published

|

Last Updated

പത്തനംതിട്ട |  പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനു നിര്‍ദേശം നല്‍കിയതായി എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭാരവാഹികള്‍ കൈകാര്യം ചെയ്തു കൊള്ളും. മന്ത്രിയുടെ പ്രവര്‍ത്തനം മോശമാണെന്ന തരത്തില്‍ ഒരുതലത്തില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടില്ല. പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും പത്തനംതിട്ട പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു പി സി ചാക്കോ പറഞ്ഞു.

വനം വകുപ്പും കര്‍ഷകരും തമ്മില്‍ വിവിധ വിഷയങ്ങളിലുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ചു പരിഹാരമുണ്ടാകണമെന്ന് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യം നേരിടുന്ന വിഷയങ്ങളില്‍ ബഹുജനാഭിപ്രായം കൂടി തേടാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുയരുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തശേഷം കേന്ദ്രാനുമതി ആവശ്യമുള്ള വിഷയങ്ങളില്‍ അനുമതി തേടുമെന്നും ചാക്കോ പറഞ്ഞു. വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഏതെങ്കിലും മന്ത്രി വിളിച്ചു പറഞ്ഞുവെന്നു പറഞ്ഞ് ഉത്തരവിറക്കേണ്ട ബാധ്യത ഒരു ഉദ്യോഗസ്ഥനും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.