Connect with us

Ongoing News

റോഡിന് നടുവില്‍ പച്ചക്കറി കൃഷി; വേറിട്ട പദ്ധതിയുമായി പ്രോസ്പെരിഡാഡ് നഗരം

Published

|

Last Updated

ഡാവോ സിറ്റി | പ്രധാന റോഡുകളുടെ നടുവിലും ട്രാഫിക് ഐലന്റുകളിലും വളര്‍ത്തിയ ചെടികള്‍ മനോഹരമായ കാഴ്ചയാണ്. ഇതില്‍ തികച്ചും വ്യത്യസ്തമായ രീതിയാണ് ഫിലിപ്പൈന്‍സിലെ മിണ്ടാനാവോയിലെ പ്രോസ്പെരിഡാഡ് നഗരത്തില്‍ അവലംബിച്ചിരിക്കുന്നത്. എന്നാല്‍, ചെടികള്‍ക്കും പൂക്കള്‍ക്കും പകരം പച്ചക്കറികളാണ് അവര്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ആരോഗ്യകരമായ ഒരു പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. വഴുതന, ഉള്ളി, വെണ്ടയ്ക്ക തുടങ്ങിയ വിവിധ തരം പച്ചക്കറികളാണ് വളര്‍ത്തുന്നത്. സര്‍ക്കാറിന്റെ റോഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ലിലിബത്ത് ഹെര്‍ബൊലിംഗോ ആണ് പദ്ധതിയ്ക്ക് പിന്നില്‍.

നഗരം ലോക്ക് ഡൗണില്‍ ആയപ്പോള്‍ അധികാരികള്‍ തദ്ദേശവാസികള്‍ക്ക് തോട്ടത്തില്‍ നടാനായി വിത്തുകള്‍ വിതരണം ചെയ്തിരുന്നു. ഹെര്‍ബോലിംഗോ അവള്‍ക്ക് കിട്ടിയ വിത്തുകള്‍ ഒരു ബസ് ടെര്‍മിനലിന് മുന്നില്‍ സ്ഥിതിചെയ്യുന്ന ട്രാഫിക് ഐലന്‍ഡില്‍ നട്ടു. വിനോദത്തിനുവേണ്ടി ചെയ്ത പ്രവൃത്തി പിന്നീട് നഗരത്തിന്റെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. തുടര്‍ന്ന് നഗരത്തിന്റെ മേയര്‍ ഫ്രെഡറിക് മാര്‍ക്ക് മെല്ലാനയില്‍ നിന്ന് ഇതിന് അനുവാദം നേടുകയും ചെയ്തു.

ഹെര്‍ബോലിംഗോയെ മാതൃകയാക്കി നഗരത്തിലെ ജീവനക്കാരും നാട്ടുകാരും മറ്റ് പ്രദേശങ്ങളിലെ ട്രാഫിക് ഐലന്‍ഡുകളിലും പച്ചക്കറി കൃഷി ആരംഭിച്ചു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് കൃഷി പരിപാലനം. വിളവെടുത്ത പച്ചക്കറികള്‍ പ്രദേശവാസികള്‍ക്ക് തന്നെയാണ് വിതരണം ചെയ്യുന്നത്. കൊവിഡ് കാലത്ത് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്കുള്ള വരുമാന മാര്‍ഗം കൂടിയാണ് ഈ കൃഷിരീതി.

Latest