Connect with us

National

ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലിമിനെ അമേരിക്ക മത സ്വാതന്ത്ര്യ അംബാസിഡറാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  യു എസിന്റെ ഭരണതലത്തില്‍ നിരവധി നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച ഇന്തോ- അമേരിക്കന്‍ വംശജനായ റാഷാദ് ഹുസൈനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ അംബാസിഡര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മുസ്ലിമായി റഷാദ് ഹുസൈന്‍ മാറും. യു എസിന്റെ മത സ്വാതന്ത്ര്യ മുന്നേറ്റ വിഷയങ്ങളുടെ നയതന്ത്രം കൈകാര്യം ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ റാഷാദിന് ലഭിക്കുക.

നിലവില്‍ പാര്‍ട്‌നര്‍ഷിപ്പ് ആന്‍ഡ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റിന്റെ ഡയറക്ടറാണ് അദ്ദേഹം. ബറാക് ഒബാമയുടെ ഭരണ കാലത്ത് യു എിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധിയായും വൈറ്റ് ഹൗസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായും റഷാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒബാമ ഭരണത്തില്‍ വിദ്യാഭ്യാസം, സംരഭകത്വം, ആരോഗ്യം എന്നീ മേഖലകളിലെ പങ്കാളിത്തങ്ങള്‍ ഉയര്‍ത്തുന്നതിനായി ഒ ഐ സിയിലും മറ്റു വിദേശ ഭരണകൂടങ്ങള്‍, സിവില്‍ സൊസൈറ്റി സംഘങ്ങള്‍ എന്നിവയിലും റഷാദ് ഹുസൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുതിര്‍ന്ന ഉപദേഷ്ടാവായി റഷാദ് നിയമിതനായത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിങ്ങളുടെ പട്ടികയില്‍ ഹുസൈന്‍ ഇടം പിടിച്ചിരുന്നു. യു, എ ഇ, നൈജീരിയ, മലേഷ്യ, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ഇതര നയതന്ത്ര സന്ദേശങ്ങളിലൂടെ ഭീകരവാദ വിരുദ്ധ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ റഷാദ് ഹുസൈന്റെ പങ്കാളിത്തമുണ്ടായിട്ടുണ്ട്.

റഷാദ് ഹുസൈന്‍ ജനിച്ചത് വ്യോമിങ്ങിലും വളര്‍ന്നത് ടെക്സാസിലെ പ്ലാനോയിലുമാണ്. 1960 കളിലാണ് മൈനിംഗ് എഞ്ചിനിയറായിരുന്ന റഷാദിന്റെ പിതാവ് ബീഹാറില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. വര്‍ഷങ്ങള്‍ക്കുശേഷം പ്ലാനോയില്‍ ഒബ്‌സ്റ്റെട്രീഷ്യനായ റഷാദിന്റെ മാതാവിനെ വിവാഹം ചെയ്തു. ഇപ്പോഴും റഷാദിന്റെ കുടുംബവേരുകള്‍ ഇന്ത്യയിലുണ്ട്.

Latest