Connect with us

National

തെലങ്കാനയില്‍ ചുണ്ണാമ്പുകല്ല് ഗുഹ കണ്ടെത്തി; പഴക്കം 11,000 വര്‍ഷത്തിലധികം

Published

|

Last Updated

തെലങ്കാന | തെലങ്കാനയിലെ ആസിഫാബാദില്‍ 11,000 വര്‍ഷത്തിലധികം പഴക്കമുള്ള ചുണ്ണാമ്പുകല്ല് ഗുഹ കണ്ടെത്തി. ദി പബ്ലിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹിസ്റ്ററി, ആര്‍ക്കിയോളജി, ഹെറിറ്റേജ് എന്ന സ്വതന്ത്ര സംഘടനയാണ് വനപ്രദേശത്ത് നിന്ന് ഗുഹ കണ്ടെത്തിയത്.

ഗുഹ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ദീര്‍ഘകാലമെടുത്തിട്ടാണ് ഇന്നത്തെ രൂപത്തിലേക്ക് മാറിയതെന്നും പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി. കവാല്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹയിലേയ്ക്ക് ഒരു ചെളി നിറഞ്ഞ പാതയിലൂടെ മാത്രമേ എത്തിച്ചേരാനാകൂ. പ്രാദേശികമായി അര്‍ജുന്‍ ലോഡി എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. പ്രാദേശിക ഗോത്രവര്‍ഗക്കാര്‍, ഗോണ്ട്‌സ്, പര്‍ദാന്‍മാര്‍ തുടങ്ങിയവര്‍ ഗുഹയ്ക്കുള്ളിലെ ശിലാ സൃഷ്ടിയെ “അര്‍ജുന്‍ പെന്‍” എന്നാണ് വിളിക്കുന്നത്.

നിയോപ്രോട്ടോറോസോയിക് യുഗത്തില്‍, ഭൂഗര്‍ഭജലം ഭൂമിയിലെ ഇത്തരം ചുണ്ണാമ്പുകല്ലുകള്‍ നശിപ്പിക്കുകയും ഗുഹകള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗുഹ വളരെ ആഴമുള്ളതാണെന്നും ചെറിയ ഭാഗം മാത്രമേ ഇതുവരെ ഖനനം ചെയ്തിട്ടുള്ളൂവെന്നും പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു.