Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പള അഡ്വാന്‍സ് ലഭിച്ചേക്കില്ല

Published

|

Last Updated

തിരുവനന്തപുരം | ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ലഭിച്ചേക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. ഉത്സവബത്തയും ബോണസും നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കില്‍ അടുത്ത മാസത്തെ ശമ്പളം നേരത്തെ നല്‍കാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാന്‍സ് ശമ്പളം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം.

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നല്‍കുകയാണ്. അതിനിടെ അഡ്വാന്‍സ് ശമ്പളം കൂടി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം.അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവൂ.

കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയാണ് മൊത്തം വേണ്ടിവന്നത്. ശമ്പള പരിഷ്‌കരണം നടത്തിയതിനാല്‍ ഇക്കുറി 8000 കോടിയിലധികം വേണ്ടിവരും. കഴിഞ്ഞ ഓണത്തിന് അഡ്വാന്‍സായി 15,000 രൂപവരെയാണ് നല്‍കിയത്. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതില്‍ കൂടിയ ശമ്പളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് മാത്രമാണ് ബോണസിന് അര്‍ഹത. ഓണം അഡ്വാന്‍സ് അഞ്ചു തവണയായി തിരിച്ചു പിടിക്കാറുണ്ട്.

Latest