Kerala
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദം തെറിപ്പിക്കാന്‍ നീക്കം; ചെന്നിത്തലയോട് മാപ്പപേക്ഷിക്കാൻ ഷാഫി പറമ്പില്‍

കോഴിക്കോട് | രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും എതിരായ രഹസ്യനീക്കം പുറത്തുവന്നതോടെ നേതാക്കളോട് മാപ്പപേക്ഷിച്ച് തലയൂരാൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ കരുക്കൾ നീക്കുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തെറിക്കാനുള്ള സാധ്യത രൂപപ്പെട്ടതോടെയാണ് രമേശ് ചെന്നിത്തലയോട് മാപ്പ് ചോദിച്ച് വിവാദം അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമം നടത്തുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്നും തെറുപ്പിക്കുന്നതില്‍ നടത്തിയ രഹസ്യ നീക്കം വെളിപ്പെട്ടതോടെ ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തമാണ്.
സംസ്ഥാന കോണ്‍ഗ്രസിലും നിയമസഭാ കക്ഷിയിലും നേതൃമാറ്റം ഉണ്ടായെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റം വേണമെന്ന ആവശ്യം ഒരു കോണിൽ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന വിശാല ഐ വിഭാഗക്കാര്‍ ഈ ആവശ്യമുന്നയിച്ച് വരും നാളുകളില്‍ ശക്തമായി രംഗത്തുവരുമെന്ന സൂചന ലഭിച്ചതോടെയാണ് ഷാഫി അനുരഞ്ജനത്തിനായി ചെന്നിത്തലയെ സമീപിക്കുന്നത്. എന്നാല്‍ ഒരു ഒത്തു തീര്‍പ്പിനും നില്‍ക്കരുതെന്നും ഷാഫിയെ മാറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം ശക്തമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞു.
ഷാഫിയെ സംരക്ഷിക്കാന്‍ എ വിഭാഗത്തിനു വേണ്ടത്ര കരുത്തില്ലാത്ത അവസ്ഥയാണ്. നിയമസഭാ കക്ഷിയിലെയും കെ പി സി സിയിലെയും നേതൃമാറ്റങ്ങള്‍ അംഗീകരിക്കുന്നെങ്കിലും അത് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ പിന്നില്‍ നിന്നു കുത്തുന്നതുപോലെ ആകരുതായിരുന്നു എന്ന നിലപാടിലാണ് എ വിഭാഗം.
ഷാഫി പറമ്പില്‍ പ്രസിഡന്റായി തുടര്‍ന്നാല്‍ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് നിഷ്‌ക്രിയമാവുമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വത്തിനു മുമ്പില്‍ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. സ്വന്തക്കാര്‍ക്ക് സംഘടനയില്‍ അനര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുക മാത്രമാണ് ഷാഫി ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 യൂത്ത് നേതാക്കളില്‍ 11 പേരും പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഷാഫിക്കാണെന്നും അവര്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ്സിനു മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യത്തിലൂടെ ഷാഫിയെ പുറത്തു ചാടിക്കാനുള്ള നീക്കമാണ് വിശാല ഐ വിഭാഗം നടത്തുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടകാലത്ത് ടാലന്റ് ഹണ്ടിലൂടെ പദവിയിലെത്തിയവര്‍ ഇപ്പോള്‍ സ്വന്തക്കാരെ മാത്രം ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമിക്കുന്നത് എന്നാണ് ആരോപണം.
എ, ഐ ഗ്രൂപ്പുകള്‍ നേതൃസ്ഥാനങ്ങള്‍ പങ്കിട്ടതിന്റെ ഭാഗമായാണ് അന്ന് സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പ് ഷാഫി പറമ്പിലിനേയും വൈസ് പ്രസിഡന്റായി ഐ ഗ്രൂപ്പിലെ കെ എസ് ശബരീനാഥനേയും നിയോഗിച്ചത്. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയില്‍ കൂടിയാലോചന നടത്താതെയാണ് ഷാഫി പറമ്പില്‍ തീരുമാനങ്ങളെടുക്കുന്നതെന്നാണ് ആരോപണം. ഷാഫി പറമ്പിലും ശബരിനാഥും ചേര്‍ന്ന കോക്കസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് അവര്‍ പറയുന്നു.
വി ഡി സതീശനും കെ സുധാകരനും നേതൃത്വത്തിലെത്തിയതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് സമവക്യങ്ങളുടെ കാലം കഴിഞ്ഞു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് വീതം വെപ്പ് ഇല്ലാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയും പുന സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ശക്തിപ്പെടുന്നത്. ജംബോ കമ്മിറ്റികളുടെ കാലം കഴിഞ്ഞു എന്നും അവര്‍ പറയുന്നു. ഗ്രൂപ്പ് നേതാക്കളുടെ പെട്ടി താങ്ങികളല്ലാത്തവര്‍ക്കും നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരാന്‍ അവസരം ഒരുക്കണമെന്നാണ് ആവശ്യം.
ഷാഫി പറമ്പില്‍ പ്രസിഡന്റും കെ എസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍ എസ് നുസൂര്‍, എസ് ജെ പ്രേംരാജ്, എസ് എം ബാലു, വിദ്യ ബാലകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരുമായ സംസ്ഥാന കമ്മിറ്റിക്ക് 25 ജന. സെക്രട്ടറിമാരും 38 സെക്രട്ടറിമാരുമാണുള്ളത്. ഭാരവാഹികളുടെ പട്ടികയില്‍ എ ഗ്രൂപ്പിനായിരുന്നു മുന്‍തൂക്കം. പ്രസിഡന്റ് ഉള്‍പ്പെടെ 71 അംഗ സംസ്ഥാന ഭാരവാഹികളില്‍ 37 പേര്‍ എ ഗ്രൂപ്പില്‍ നിന്നും 34 പേര്‍ ഐ ഗ്രൂപ്പില്‍ നിന്നുമാണ്.
പ്രസിഡന്റ് സ്ഥാനത്തിനു പുറമേ മൂന്നു വൈസ് പ്രസിഡന്റുമാരും 14 ജനറല്‍ സെക്രട്ടറിമാരും 19 സെക്രട്ടറിമാരും എട്ടു ജില്ലാ പ്രസിഡന്റുമാരും എ ഗ്രൂപ്പില്‍ നിന്നാണ്. ഐ ഗ്രൂപ്പിന് നാലു വൈസ് പ്രസിഡന്റുമാരും 11 ജന.സെക്രട്ടറിമാരും 19 സെക്രട്ടറിമാരും ആറു ജില്ലാ പ്രസിഡന്റുമാരുമാണുള്ളത്. 140 നിയോജകമണ്ഡലം കമ്മിറ്റികളില്‍ 80 എണ്ണം എ ഗ്രൂപ്പിനും 60 എണ്ണം ഐ ഗ്രൂപ്പിനും പങ്കിട്ടിരുന്നു.
ഗ്രൂപ്പുകള്‍ക്കു മേധാവിത്തമില്ലാത്ത തരത്തില്‍ പാര്‍ട്ടിയും പാര്‍ലിമെന്ററി പാര്‍ട്ടിയും മാറുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം മാത്രം മാനദണ്ഡമാക്കി പുതിയ നേതൃത്വം വരണമെന്ന ആവശ്യം ഉയര്‍ത്തി ഷാഫിയെ പുറത്താക്കാനാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ തന്ത്രം മെനയുന്നത്.