Connect with us

Kerala

കൊവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബേങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബേങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അസംഘടിത മേഖലയില്‍ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജില്‍ മാര്‍ച്ച് 31ന് എന്‍ പി എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയില്‍ താഴെ വായ്പ എടുത്തിട്ടുള്ളവര്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് ഒന്നാം തരംഗത്താലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ രീതിയില്‍ ബാധിക്കപ്പെട്ട ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപാധികളില്ലാതെ 2021 ഡിസംബര്‍ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കേന്ദ്ര ധന മന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തല്‍ 4.5 ലക്ഷം കോടിയായി  ഉയര്‍ത്തിയിട്ടുണ്ട്. ഈ പരിപാടിക്ക് പരമാവധി പ്രചാരണം നല്‍കാന്‍ ബേങ്കുകള്‍ ശ്രമിക്കണം. വ്യാപാര സമൂഹത്തിന് ഇതില്‍ നിന്നും സഹായം ലഭ്യമാക്കണം. പി എം കിസാന്‍ പരിപാടിയില്‍ 37 ലക്ഷം കര്‍ഷകര്‍ കേരളത്തില്‍ നിന്നുമുണ്ട്. എല്ലാ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഈ പദ്ധതികളുടെ കവറേജ് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സര്‍ക്കാറിന്റെ കാര്‍ഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവര്‍ക്കും കാര്‍ഷിക വായ്പ അനുവദിക്കണം. വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കാര്‍ഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബേങ്കുകള്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കണം.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാര്‍ഷിക ഉല്‍പ്പാദന സംഘടനകള്‍ രൂപവത്കരിക്കാന്‍ കൃഷി വകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നല്‍കണം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ വായ്പാ സഹായം ബേങ്കുകള്‍ ലഭ്യമാക്കണം. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന പലിശ സര്‍ക്കാര്‍ നല്‍കിയുള്ള വായ്പകളുടെ കാര്യത്തില്‍ ബേങ്കുകള്‍ അനുകൂല സമീപനം സ്വീകരിക്കണം.

സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ബേങ്കുകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ സിംഗ്, എസ് എല്‍ ബി സി പ്രതിനിധികള്‍, വിവിധ ബേങ്ക് മേധാവികള്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest