Ongoing News
പൊണ്ണത്തടിക്കാരുടെ എണ്ണം കുറയ്ക്കാന്‍ സമ്മാനം പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍ | രാജ്യത്തെ പൗരന്മാര്‍ അമിത വണ്ണത്തിന് വിധേയരാകുന്നത് ഇല്ലായ്മ ചെയ്യാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ആരോഗ്യകരമായ ജീവിതശൈലി തുടരുന്നവര്‍ക്ക് പണം, ബോണസ്, ഡിസ്‌കൗണ്ട് കൂപ്പണുകള്‍ എന്നിവ പ്രോത്സാഹനമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജങ്ക് ഫുഡ്ഡുകളുടെ ഉപയോഗം കുറച്ച് പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി നേരിട്ട് പണം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും ഈ പദ്ധതിയുടെ ഭാഗമായി സ്വന്തം ശരീരഭാരം കുറയ്ക്കുമെന്ന് പറഞ്ഞു.
ബ്രിട്ടണിലെ ഓരോ കുടുംബവും പ്രതിമാസം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചെലവാക്കുന്ന പണം എത്രയാണെന്ന് സര്‍ക്കാര്‍ ഒരു മൊബൈല്‍ അപ്ലിക്കേഷനിലൂടെ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുന്നത് കണ്ടെത്താന്‍ സാധിക്കും. ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്കുള്ള അംഗീകാരമായാണ് പ്രതിഫലം നല്‍കുക. സ്‌കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും ചെറിയ ദൂരം യാത്രയുള്ളവര്‍ വാഹനം ഒഴിവാക്കി നടത്തം ശീലമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. അത്തരക്കാരെ കണ്ടെത്താനും ഈ ആപ്പ് ഉപകരിക്കും. അവര്‍ക്കും സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ നല്‍കും. ഈ ആപ്പില്‍ “ലോയല്‍റ്റി പോയിന്റ്‌സ്” എന്ന പേരിലാണ് പ്രതിഫലം ചേര്‍ക്കുക. അടുത്ത വര്‍ഷം ജനുവരിയിലാണ് പദ്ധതി ആരംഭിക്കുക.