Connect with us

National

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവിനെ അഭിനന്ദിച്ച് പാക്കിസ്ഥാനില്‍ നിന്നും കത്ത്

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബ് പി സി സി പ്രസിഡന്റായി നിയമിക്കപ്പെട്ട നവജ്യോത് സിംഗ് സിദ്ദുവിനെ അഭിനന്ദിച്ച് പാക്കിസ്ഥാനില്‍ നിന്നും കത്ത്. പാക്കിസ്ഥാനിലെ സിഖ് ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയാണ് സിദ്ദുവിന് കത്തയച്ചത്. കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സത്വന്ത് സിംഗാണ് കത്തെഴുതിയത്. പുതിയ ചുമതലയേറ്റെടുത്ത സിദ്ദുവിനെ അഭിനന്ദിക്കുന്നതായും വിശ്രമമില്ലാത്ത പരിശ്രമങ്ങളുടെ ഫലമാണ് സ്ഥാനലബ്ധിയെന്നും കത്തില്‍ സൂചിപ്പിക്കുന്നു. സ്ഥാനമേറ്റടുത്തതിന് പിന്നാലെ നിയമസഭയിലെ പകുതിയിലേറെ എം എല്‍ എമാരുമായി സുവര്‍ണ ക്ഷേത്രത്തിലെത്തിയ സിദ്ദു ഇവിടം ശക്തിപ്രകടനത്തിനുള്ള വേദിയാക്കി മാറ്റിയതായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനില്‍ നിന്നും അദ്ദേഹത്തിന് കത്ത് ലഭിക്കുന്നത്.

സിദ്ദുവിന്റെ സ്ഥാനലബ്ധിയില്‍ പാകിസ്ഥാന്‍ സിഖ് സമൂഹം സന്തോഷത്തിലാണ്. കൊവിഡ് മൂലം അടച്ചിട്ടിരിക്കുന്ന കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി തുറക്കാന്‍ അദ്ദേഹം ഇടപെടുമെന്ന് ലോകമെമ്പാടുമുള്ള സിഖുകാര്‍ പ്രതീക്ഷിക്കുന്നതായും കത്തില്‍ വ്യക്തമാക്കി. ഭാവി പദ്ധതികള്‍ക്ക് ആശംസകള്‍ നേരുന്നതായും കത്തിലുണ്ട്.
നേരത്തെ സിദ്ദു സ്ഥാനമേറ്റതിന് പിന്നാലെ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ആശംസകള്‍ നേര്‍ന്നിരുന്നു.
കര്‍ത്താര്‍പുര്‍ ഇടനാഴി തുറക്കാനുള്ള ചര്‍ച്ചക്കായി അതിര്‍ത്തിയിലെത്തിയ സിദ്ദു പാക് സൈനിക തലവനെ ആലിംഗനം ചെയ്തത് വിവാദമായിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജോത് സിംഗ് സിദ്ദു പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

 

 

---- facebook comment plugin here -----

Latest