Connect with us

Editorial

മൃഗസ്‌നേഹികള്‍ മനുഷ്യരെ കാണാതെ പോകരുത്

Published

|

Last Updated

കടുംകൈയായിപ്പോയി തൃക്കാക്കരയിലെ നായവേട്ട. മുപ്പതിലധികം നായകളുടെ ജഡങ്ങളാണ് തൃക്കാക്കര മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ ഒരു കുഴിയില്‍ നിന്ന് കണ്ടെത്തിയത്. നഗരസഭാ പരിധിയില്‍ വന്‍തോതില്‍ തെരുവുനായകളെ കൊന്നൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ജഡങ്ങള്‍ കണ്ടെടുത്തത്. ചവറുകൂനയില്‍ വിവിധ ഇടങ്ങളിലായി നൂറിലധികം നായകളെ കൊന്നു കുഴിച്ചിട്ടതായാണ് സൂചന.
വ്യാഴാഴ്ചയാണ് തൃക്കാക്കര നഗരസഭാ പരിധിയില്‍ ഈച്ചമുക്ക് ഭാഗത്ത് നായകളെ കൂട്ടത്തോടെ കൊന്നത്. വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായകളുടെ കഴുത്തില്‍ കുരുക്കി പിടികൂടിയ ശേഷം വിഷം കുത്തിവെച്ച് വാഹനത്തിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീടിനു മുന്നില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

നായകളുടെ ജഡങ്ങള്‍ നഗരസഭാ ഓഫീസിനോടു ചേര്‍ന്ന്, മാലിന്യം തള്ളുന്ന സ്ഥലത്ത് വലിയ കുഴിയെടുത്ത് മൂടുകയായിരുന്നു. ഉഗ്രവിഷമാണ് കുത്തിവെച്ചത്. സൂചി കുത്തി ഊരും മുമ്പ് നായ കുഴഞ്ഞുവീണ് ചാവുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ മൃഗസ്‌നേഹികളുടെ സംഘടനയായ എസ് പി സി എ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
ആരാണ് ഈ കടുംകൈക്ക് ഉത്തരവാദികള്‍? തൃക്കാക്കര നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് നായകളെ കൊന്നൊടുക്കിയതെന്നാണ് സംഭവത്തില്‍ പിടിയിലായ പ്രതി പറയുന്നത്. നായകളുടെ ജഡങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറാണ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫോണില്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് നായവേട്ട നടത്തിയതെന്ന് പോലീസിനു മൊഴിനല്‍കിയത്. ഒരു നായക്ക് 500 രൂപ വീതം വാഗ്ദാനം ചെയ്തതായും ഇവര്‍ വെളിപ്പെടുത്തി. നായകളെ പിടിക്കാനെത്തിയവര്‍ക്ക് നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ താമസിക്കാന്‍ സജ്ജീകരണങ്ങള്‍ ചെയ്തുകൊടുത്തെന്നും നായകളില്‍ കുത്തിവെക്കാനുള്ള വിഷം തയ്യാറാക്കിയത് നഗരസഭാ കെട്ടിടത്തിനുള്ളില്‍ വെച്ചാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സമീപ പ്രദേശത്തു നിന്ന് വിഷക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിട്ടുമുണ്ട്. അതേസമയം നഗരസഭയുടെ നിര്‍ദേശ പ്രകാരമല്ല നായകളെ പിടികൂടി കൊന്നതെന്നാണ് ചെയര്‍ പേഴ്സൻ പറയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. ഹൈക്കോടതിയും സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് അമിക്കസ്‌ക്യൂറിയെ നിയമിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങള്‍ മുറക്ക് മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം, തൃക്കാക്കരയിലെ നായവേട്ടയിലേക്ക് നയിച്ച സാഹചര്യങ്ങളെ വിലയിരുത്തപ്പെടുകയും അതിനു പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്. നായശല്യം രൂക്ഷമാകുകയും നാട്ടുകാര്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യം സംജാതമാകുകയും ചെയ്തപ്പോഴാണ് അവിടെ നായപിടിത്തക്കാര്‍ ഇറങ്ങി കൂട്ടത്തോടെ അവയെ കൊന്നു കുഴിച്ചിട്ടത്. സംസ്ഥാനത്തുടനീളമുണ്ട് ഇതുപോലെ തെരുവുനായകളുടെ അതിരൂക്ഷമായ ശല്യം. നായകളെ പേടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനങ്ങള്‍ ഭീതിയിലാണ് പല പ്രദേശങ്ങളിലും. പകല്‍ പോലും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. തക്കം കിട്ടിയാല്‍ വീടുകള്‍ക്കുള്ളിലേക്കു വരെ കടന്നു വരുന്നു. ഇരു ചക്രവാഹനങ്ങള്‍ക്കു മുന്നില്‍ തെരുവുനായകള്‍ ചാടുന്നത് മൂലമുള്ള അപകടങ്ങളും ഇരുചക്ര വാഹന യാത്രക്കാര്‍ക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. നായകളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനം അതിവേഗം ഓടിച്ച് അപകടങ്ങളില്‍ പെടുന്നവരുമുണ്ട്. പ്രഭാത നടത്തത്തിനിറങ്ങുന്നവര്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും ഇവ ഭീഷണി സൃഷ്ടിക്കുന്നു. പതിനായിരക്കണക്കിനു പേരാണ് ഓരോ വര്‍ഷവും നായകളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആടുകള്‍, കോഴികള്‍ തുടങ്ങി വളര്‍ത്തു മൃഗങ്ങളെയും ഇവ കൊന്നൊടുക്കുന്നു. തെരുവോരങ്ങളിലും കടകളുടെ വരാന്തകളിലുമാണ് പ്രധാനമായും നായകള്‍ തമ്പടിക്കുന്നത്.

ഇവ്വിധം തെരുവുനായകള്‍ നാടൊന്നാകെ കീഴടക്കുമ്പോള്‍ ഇതിനു പരിഹാരം കാണേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നും ചെയ്യാനാകാതെ പ്രയാസത്തിലും. നേരത്തേ തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തെരുവുനായകളെ കൊന്നൊടുക്കുന്ന പദ്ധതിയുണ്ടായിരുന്നെങ്കിലും എ ബി സി 2001 റൂള്‍ പ്രകാരം പേ ബാധിച്ചതല്ലാത്ത നായകളെ കൊല്ലുന്നത് നിരോധിക്കുകയും പകരം അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ ബി സി) പദ്ധതി നടപ്പാക്കുകയും ചെയ്തു. നായയെ പിടികൂടി തൊട്ടടുത്ത എ ബി സി കേന്ദ്രത്തില്‍ എത്തിച്ച് വന്ധ്യംകരണം ചെയ്ത് രണ്ട് ദിവസത്തിനു ശേഷം പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടുവിടുന്നതാണ് പദ്ധതി. വന്ധ്യംകരണം നടത്തിയ നായകളുടെ ചെവിയില്‍ അതിന്റെ അടയാളവും രേഖപ്പെടുത്തും. കുടുംബശ്രീക്കാരെ ഉത്തരവാദപ്പെടുത്തിയ ഈ പദ്ധതി ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ നായപിടിത്തക്കാരെ മുമ്പത്തെ പോലെ വേണ്ടത്ര കിട്ടാനുമില്ല. അതിനിടെ തെരുവുനായകളെ കൊന്ന് മാംസമാക്കി ഇവ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കാമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും മൃഗസ്‌നേഹികളുടെ സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തെരുവുനായകളെ കൊന്നുകൊണ്ടുള്ള ഒരു പരിഹാരവും വേണ്ടെന്നാണ് അവരുടെ നിലപാട്. നായകളുടെ ജീവനോളം വിലയില്ല ഇവരുടെ വീക്ഷണത്തില്‍ മനുഷ്യര്‍ക്ക്. നാട്ടുകാരെ ആക്രമിച്ച നായകളെ കൊന്നാല്‍ പോലും പ്രതിഷേധവുമായി രംഗത്തുവരും ഇക്കൂട്ടര്‍. നാടിന്റെ ക്രമസമാധാനനില തകരുന്ന വിധത്തില്‍ മൃഗശല്യമുണ്ടായാല്‍ അതിനെ ഇല്ലായ്മ ചെയ്യുന്നതിനെ നിയമം വിലക്കുന്നില്ല. ജനജീവിതത്തിന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാമെന്ന് സുപ്രീം കോടതി വിധിയുമുണ്ട്. മൃഗസ്‌നേഹികളുടെ എതിര്‍പ്പ് ഭയന്ന് ഇത് നടപ്പാക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു പ്രദേശങ്ങളിലും ആവര്‍ത്തിച്ചേക്കും “തൃക്കാക്കര”.