Connect with us

National

2ജി സ്പെക്ട്രം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന എന്‍ഫോഴ്‌സമെന്റ് ഡറക്ടറേറ്റ് ഉദ്യോഗസ്ഥന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സഹായി, നീതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണുകളും പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഇസ്‌റാഈലി ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു നടത്തിയ ഫോണ്‍ ചോര്‍ത്തലുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന പ്രോജക്ട് പെഗാസസിന്റെ ഭാഗമായി ദി വയര്‍ ആണ് പുതിയ പട്ടിക പുറത്തുവിട്ടത്.

2ജി സ്പെക്ട്രം കേസും കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനെതിരായ എയര്‍സെല്‍ മാക്സിസ് കേസും അന്വേഷിച്ച ഉന്നത ഇ ഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ട് സഹോദരിമാരുടെയും നമ്പറുകള്‍ ചോര്‍ത്തപ്പെട്ടു. ഇതിന് പുറമെ മുന്‍ ഐ എ എസ് ഓഫീസറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായ വി കെ ജയിനിന്റെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന മന്ത്രിയുടെ ഓഫീസിലെയും ഒരു നീതി ആയോഗ് ഉദ്യോഗസ്ഥന്റെയും ഫോണുകള്‍ ചോര്‍ത്തല്‍ പട്ടികയിലുണ്ട്.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗ്, സഹാറാ ഗ്രൂപ്പ് ഉള്‍പ്പെട്ട കേസുകളും ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദന കേസും അന്വേഷിച്ചിരുന്നു. 2017 മുതല്‍ 2019 തുടക്കം വരെ ഇദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉണ്ടായിരുന്നതായും 2018 മുതല്‍ ഇദ്ദേഹത്തിന്റെ മറ്റൊരു നമ്പര്‍ ചോര്‍ത്തപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ക്രിക്കറ്റ് ഫീല്‍ഡിലേക്കും
ബിഹാര്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ രാകേഷ് തിവാരിയുടെ ഫോണ്‍ നമ്പറും ചോര്‍ത്തല്‍ പട്ടികയിലുണ്ടായിരുന്നതായി ദി വയര്‍ പുറത്ത് വിട്ടു. ബിഹാര്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2018 ല്‍ അദ്ദേഹത്തിന്റെ രണ്ട് ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തല്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നതായാണ് പുതിയ വിവരം. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്ന് തിവാരി പ്രതികരിച്ചു. രാജ്യദ്രോഹികളായ ചിലരുടെ ഭാവനാ സൃഷ്ടിയാണ് ഈ പട്ടികയെന്നും താന്‍ സംഘ്പരിവാറിന്റെ സമര്‍പ്പിത പ്രവര്‍ത്തകനും രാജ്യസ്‌നേഹിയുമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ് രാകേഷ് തിവാരി. അമിത് ഷായുടെ അടുത്ത ആളാണ് താനെന്ന് ഇദ്ദേഹം പറയാറുണ്ടെന്നും ഏതെങ്കിലും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനമെടുത്താല്‍ ബി സി സി ഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ്ഷായുടെ പേര് പറഞ്ഞ് ഭയപ്പെടുത്താറുണ്ടായിരുന്നെന്നും ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.