National
ലോക്‌സഭാ അംഗസംഖ്യ ആയിരമാക്കാന്‍ നീക്കം: മനീഷ് തിവാരി

ന്യൂഡല്‍ഹി | 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ലോക്‌സഭാ അംഗത്വം 543ല്‍ നിന്ന് ആയിരമോ, അതില്‍ ഏറെയോ ആയി ഉയര്‍ത്താന്‍ നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ബി ജെ പി എം പിമാരില്‍ നിന്നാണ് തനിക്ക് വിശ്വസനീയ വിവരം ലഭിച്ചത്. ഇക്കാര്യം നടപ്പാക്കുന്നതിന് മുമ്പ് വേണ്ടത്ര കൂടിയാലോചന വേണമെന്നും തിവാരി ട്വിറ്ററില്‍ പറഞ്ഞു. സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. എം പിമാരുടെ ജോലി രാജ്യത്തിനു വേണ്ടി നിയമനിര്‍മാണം നടത്തുക എന്നതാണ്. ഇക്കാര്യം ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്നുണ്ട്. വികസനകാര്യങ്ങള്‍ നടപ്പാക്കുന്നതിന് നിയമസഭകള്‍ നേതൃത്വം വഹിക്കുന്ന, 73, 74 ഭരണഘടനാ ഭേദഗതികളുണ്ട്.
ലോക്സഭയുടെ അംഗസംഖ്യ ആയിരമായി വര്‍ധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കില്‍ അതിന് പ്രത്യാഘാതങ്ങളുണ്ടാകും.
അംഗസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്നിലൊന്ന് സംവരണത്തിനായി അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആകാന്‍ കാത്തിരിക്കുന്നത് എന്തിനെന്നും നിലവിലെ 543-ല്‍ മൂന്നിലൊന്ന് സംവരണം നല്‍കിക്കൂടേയെന്നും തിവാരി ചോദിച്ചു.