Connect with us

Kerala

മലപ്പുറത്ത് ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

Published

|

Last Updated

മലപ്പുറം | മുസ്‌ലിം ലീഗ് നേതാക്കളെ മലപ്പുറത്ത് യൂത്ത് ലീഗ് നേതാക്കള്‍ പൂട്ടിയിട്ടു. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രതിഷേധത്തിന് കാരണം. ജില്ലാ ലീഗ് സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് ലീഗ് പ്രസിന്റ്, മറ്റ് ഭാരവാഹികള്‍, പഞ്ചായത്തിലെ 11 യു ഡി എഫ് അംഗങ്ങള്‍ എന്നിവരെയാണ് പൂട്ടിയിട്ടത്. പോലീസ് ആവശ്യപ്പെട്ടിട്ടും യോഗം നാടക്കുന്ന ഹാളിന്റെ പൂട്ട് തുറന്ന് കൊടുക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

യൂത്ത്‌ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് പറഞ്ഞാണ് പ്രതിഷേധം. നേരത്തെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വന്നത്. നിലവിലെ വൈസ് പ്രസിഡന്റായ വനിതാ അംഗത്തെ പ്രസിഡന്റാക്കാനായിരുന്നു ലീഗ് നേതാക്കളുടെ തീരുമാനം. എന്നാല്‍ ജനറല്‍ സീറ്റില്‍ ഇതിന്റെ ആവശ്യമില്ലെന്നും യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും യൂത്ത്‌ലീഗ് പറയുന്നു.

പഞ്ചായത്ത് അംഗം അനീസ് മടത്തിലിനെ പ്രസിഡന്റാക്കണമെന്നായിരുന്നു യൂത്ത്‌ലീഗ് ആവശ്യം. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ് അനീസിനെ പ്രസിഡന്റാക്കണമെന്നത്. എന്നാല്‍ നാല് നേതാക്കള്‍ ചേര്‍ന്ന് തീരുമാനം അട്ടിമറിച്ചു. ഇവരുടെ മാടമ്പിത്തരം ഇനി അനുവദിക്കില്ല. വര്‍ക്കിംഗ് കമ്മിറ്റി ചേരാതെയാണ് ഏകപക്ഷീയ തീരുമാനം നേതാക്കള്‍ എടുത്തത്.

പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കൂടുതല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളെ പൂട്ടിയിട്ടതില്‍ നേതൃത്വത്തിന് ഇല്ലാത്ത നാണക്കേട് തങ്ങള്‍ക്കില്ലെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. പോലീസെത്തി നേതാക്കളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

 

---- facebook comment plugin here -----

Latest