Connect with us

Gulf

ആഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ നിബന്ധനകളോടെ പ്രവേശിക്കാനായേക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | ആഗസ്റ്റ് ഒന്ന് മുതൽ കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം നൽകുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകൾ പാലിച്ചാൽ മതിയാവും. സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂർ സമയപരിധിക്കകത്തെ പി സി‌ ആർ പരിശോധനാ റിപ്പോർട്ട്, ഏഴ് ദിവസം ഹോം ക്വാറന്റീൻ, കുവൈത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനകം പി സി‌ ആർ പരിശോധന എന്നിവയാണ് നിബന്ധനയെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

മൂന്ന് ദിവസത്തിനകം നടത്തുന്ന പി സി‌ ആർ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം. ഫൈസർ, മൊഡേണ, ആസ്ട്രസെനിക വാക്സീനുകളാണെങ്കിൽ രണ്ട് ഡോസും ജോൺസൺ ആൻഡ് ജോൺസൺ ആണെങ്കിൽ ഒരു ഡോസും എടുത്തിരിക്കണം.
ചില വിഭാഗങ്ങൾക്ക് മാത്രം പ്രവേശനം എന്ന നിലവിലുള്ള സംവിധാനം ജൂലൈ 31വരെ മാത്രമായിരിക്കും. നിലവിൽ ജഡ്ജിമാർ, ഡോക്ടർമാർ, എണ്ണ കമ്പനി ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്രാലയം ജീവനക്കാർ തുടങ്ങിയവർക്ക് മാത്രമാണ് പ്രവേശനമുള്ളത്.

വാക്സിനേഷൻ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും. വിദേശികൾക്ക് നേരിട്ടുള്ള പ്രവേശനമാണോ മറ്റൊരു രാജ്യത്ത് തങ്ങിയതിന് ശേഷമുള്ള പ്രവേശനമാണോ എന്നത് തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. കൊവിഡ് പശ്ചാത്തലം വിലയിരുത്തി മന്ത്രിസഭയാകും തീരുമാനം കൈക്കൊള്ളുക. പ്രവേശനം അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കുന്നത് ഉൾപ്പെടെ എന്തും പ്രതീക്ഷിക്കാവുന്നതേയുള്ളൂ.

---- facebook comment plugin here -----

Latest