Connect with us

Articles

മലബാറിനെ ഇനിയും എത്രകാലം തോല്‍പ്പിക്കും?

Published

|

Last Updated

ഐക്യകേരളം രൂപവത്കൃതമായി 65 വര്‍ഷമായി. രാജ്യത്തെ സുപ്രധാനമായ വിദ്യാഭ്യാസ വിപ്ലവവും ഉയര്‍ന്ന സാക്ഷരതാ നിരക്കുമെല്ലാം സംസ്ഥാനത്തെ വ്യതിരിക്തമാക്കി. പക്ഷേ, കേരളത്തിന്റെ ചരിത്രത്തിലുടനീളം ഭരണസിരാ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ മലബാറിലെ വിദ്യാഭ്യാസ മേഖലയെ ചൂഷണം ചെയ്യുകയോ അവഗണിക്കുകയോ ചെയ്‌തെന്ന് പറഞ്ഞാല്‍ അസ്ഥാനത്താകില്ല. കേരളത്തിന്റെ നിര്‍മിതിയില്‍ അതുല്യമായ പങ്കുവഹിക്കുമ്പോഴും മലബാറിനോടുള്ള അവഗണനാ മനോഭാവം ഉപേക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചില്ല. അര്‍ഹിക്കുന്ന പരിഗണനകള്‍ക്കും വികസനങ്ങള്‍ക്കും വേണ്ടി യാചിച്ചിട്ടും പൊള്ളയായ താത്കാലിക മറുപടികള്‍ കൊണ്ട് വായടപ്പിച്ചു.
മൂന്നര പതിറ്റാണ്ടിലേറെ കാലം മലബാറില്‍ നിന്നുള്ള മന്ത്രിമാര്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമാണ് എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തോടെ മലബാറില്‍ ചര്‍ച്ചയാകുന്ന ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത. 2003 മുതല്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളും രക്ഷിതാക്കളുമെല്ലാം നിരന്തരമായി മുറവിളി കൂട്ടിയിട്ടും പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ശാശ്വതമായ ഒരു പരിഹാരമോ ബദല്‍ മാര്‍ഗമോ ഉണ്ടായിട്ടില്ല.
കേരളത്തിന്റെ ഇതര മേഖലകളുമായി, തിരുവിതാംകൂറിനെയും കൊച്ചിയെയും താരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ വികസന വിവേചനത്തിന് ഇരയായിട്ടുണ്ടെന്നു കാണാം. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ ഹൈസ്‌കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ പ്ലസ് വണ്ണിന് മതിയായ സീറ്റുകള്‍ അനുവദിച്ചില്ല. എന്നാല്‍, പ്ലസ്‌വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍ തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ്‌വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യ കാലത്ത് പത്താം ക്ലാസില്‍ വിജയ ശതമാനം കുറവായതിനാല്‍ ഈ സീറ്റ് ക്ഷാമം വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു.

2005ന് ശേഷം എസ് എസ് എല്‍ സി വിജയ ശതമാനം മലബാറില്‍ 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും സീറ്റില്ലാതെ പുറത്ത് നില്‍ക്കേണ്ടിവന്നു. തെക്കന്‍ ജില്ലകളിലാകട്ടെ മുന്‍ വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ് വിജയിച്ചത്. പൊതുവെ സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങള്‍ അസന്തുലിതമായ ഈ സീറ്റ് വിതരണത്തെ കുറിച്ച് പഠിച്ച് ശാസ്ത്രീയമായി പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയതുമില്ല. പ്രശ്നം മലബാറിന്റേതായതിനാല്‍ ഉദ്യോഗസ്ഥരോ വിദ്യാഭ്യാസ വിചക്ഷണരോ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതുമില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ്‌വണ്‍ ബാച്ചുകളുടെ വീതംവെപ്പാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന ഹയര്‍ സെക്കന്‍ഡറി പ്രശ്നങ്ങളുടെ അടിവേര്. മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. മലബാറില്‍ അര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു. തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും പത്താം ക്ലാസ് എഴുതിയവരേക്കാള്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ മേഖലയിൽ തന്നെ മറ്റു ഉപരി പഠന കോഴ്സുകളും ഈ ജില്ലകളില്‍ വേറെയുണ്ട്. പ്ലസ്‌വണ്ണിനു പുറമെ പൊതുമേഖലയിലെ എല്ലാ ഉപരി പഠന സാധ്യതകളും ഉപയോഗപ്പെടുത്തിയാലും മലബാറില്‍ നാല്‍പ്പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ പുറത്തു തന്നെയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മതിയായ കുട്ടികളില്ലാത്തതിനാല്‍ അമ്പതിലധികം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ്ടു അനുവദിച്ചിട്ടില്ലാത്ത മലബാര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യാനുസരണം അഡീഷനല്‍ ബാച്ചുകള്‍ അനുവദിക്കുക എന്നിവയാണ് മലബാര്‍ മേഖല ഇന്ന് അനുഭവിക്കുന്ന പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍.

നിരവധി പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ് സാക്ഷര കേരളത്തിന്റെ സ്റ്റാറ്റസ് നിലനിര്‍ത്താനൊരുങ്ങുമ്പോഴും പ്രത്യേകമായ ഒരു പ്രദേശത്തിന്റെ കാര്യത്തില്‍ മാത്രം അവഗണനയാണ് പ്രകടിപ്പിക്കുന്നത്. അര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇതുമൂലം തുടര്‍ പഠന വിഷയത്തില്‍ പ്രതിസന്ധി നേരിടുന്നത്. മലബാറിലെ വിദ്യാര്‍ഥികളുടെ തുടര്‍ പഠന പ്രതിസന്ധിയില്‍ ഇടപെടാനോ സംസാരിക്കാനോ ആരും ഇല്ലാത്ത അവസ്ഥ. അര ലക്ഷം സീറ്റുകള്‍ ആവശ്യമുള്ളിടത്ത് അതിന്റെ 20 ശതമാനം സീറ്റുകള്‍ താത്കാലികമായി അനുവദിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ലല്ലോ. അത് പരിഹരിക്കാന്‍ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരും. ഒരു അധ്യയന വര്‍ഷം കഴിഞ്ഞാല്‍ ഈ താത്കാലിക വര്‍ധനവിന്റെ പ്രാബല്യം സ്വയം റദ്ദാകുകയും ചെയ്യും. പിറ്റേ വര്‍ഷവും വീണ്ടും ഇരുപത് ശതമാനം പ്രഖ്യാപിക്കും. അമ്പത് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുള്ള ക്ലാസില്‍ അറുപത് കുട്ടികള്‍ വരെ പഠിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇതുവഴിയുണ്ടാകുന്നത്. അത് സൃഷ്ടിക്കുന്ന അക്കാദമിക പ്രശ്നങ്ങള്‍ അനവധിയാണ്. മലബാറിലുള്ളവര്‍ അത്രയൊക്കെ പഠിച്ചാല്‍ മതി എന്ന ഭാവമാണ് പലര്‍ക്കും. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ എല്ലാ മേഖലയിലും രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതു പോലെ ഇക്കാര്യത്തിലും അവരുടെ മാത്രം താത്പര്യങ്ങളെ കണക്കിലെടുക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുകയും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുകയും എപ്ലസ് കരസ്ഥമാക്കുകയും ചെയ്ത മലപ്പുറത്തിന്റെ കാര്യമാണ് ഏറ്റവും ശോചനീയം. വിജയ ശതമാനം കുറഞ്ഞിരുന്ന പഴയ കാലത്തെപ്പോലെ ഇനിയും മാറ്റിനിര്‍ത്താന്‍ തക്കതായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ല. മലപ്പുറത്ത് നിന്ന് 76,014 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയത്. എന്നാല്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ ജില്ലയില്‍ മാത്രം പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നു. മലബാറിന് പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ ഉഴപ്പന്‍ കീഴ് വഴക്കം തന്നെയാണ് ഇനിയും സ്വീകരിക്കുന്നതെങ്കില്‍ വരും കാലങ്ങളില്‍ രൂക്ഷമായ പ്രതിസന്ധി മലബാര്‍ മേഖലയില്‍ കടന്നുവരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറ്റ് ക്ഷാമം കാരണം പൊതു വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ മലബാറിലെ വിദ്യാര്‍ഥികളുടെ നിലവിലെ അവസ്ഥയെന്താണെന്നും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ബിരുദ ബിരുദാനന്തര മേഖലകളിലും സമാനമായ പ്രതിസന്ധി മലബാറിലുണ്ട്. പുതിയ കോളജുകളും കോഴ്‌സുകളും അധിക സീറ്റുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും അനുവദിക്കപ്പെടേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള പ്രളയവും കൊവിഡിന്റെ പ്രതിസന്ധിയുമെല്ലാം ചൂണ്ടിക്കാട്ടി ഈ വര്‍ഷവും കാര്യമായ മാറ്റങ്ങള്‍ക്കോ വീണ്ടുവിചാരങ്ങള്‍ക്കോ മുതിരാതിരുന്നാല്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് നടക്കുന്ന പല പ്രവേശന പരീക്ഷകളിലും നിലവാരമില്ലാത്തവര്‍ മലയാളി വിദ്യാര്‍ഥികളെന്ന പേരുദോഷമൊക്കെ മാറിക്കിട്ടണം. അതിന് സാക്ഷരതയുടെ ശതമാനക്കണക്ക് മാത്രം മതിയാകില്ല, രാഷ്ട്രീയലാഭത്തിനപ്പുറത്തുള്ള വിദ്യാഭ്യാസ നയങ്ങളും ആവശ്യമാണ്.