Connect with us

Gulf

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി സഊദിയിലെ ഹിമ പൈതൃക ഗ്രാമം

Published

|

Last Updated

നജ്‌റാൻ | യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി സഊദിയിലെ  ഹിമ പൈതൃക ഗ്രാമം. ചൈനയിലെ ഫുഷോയിൽ നടന്ന ലോക പൈതൃക സമിതിയുടെ 44ാം സെഷനിലാണ് അംഗീകാരം ലഭിച്ചതെന്ന് സഊദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു.

വേട്ടയാടലുകൾ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന കലാപരമായ പ്രാതിനിധ്യങ്ങളും ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുമ്പ് അറിയപ്പെട്ടിരുന്ന ജീവിത രീതിയുടെ ഒരു വശവും കൊത്തിവച്ചിരിക്കുന്ന പുരാതന പാറകളാണ് നജ്‌റാൻ നഗരത്തിൽ നിന്ന് 130 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ഹിമയിലെ പൈതൃക ഗ്രാമത്തിലുള്ളത്.

2008ൽ മദീന പ്രവിശ്യയിലെ മദാഇൻ സാലിഹ്, 2010ൽ രാജ്യ തലസ്ഥാനമായ റിയാദ് പഴയ ദിരിയയിലെ തുരൈഫ് ഡിസ്ട്രിക്റ്റ്, 2014 ൽ ജിദ്ദയിലെ ഹിസ്റ്റോറിക്കൽ മേഖല, 2015 ൽ ഹാഇൽ പ്രദേശത്തെ റോക്ക് ആർട്സ്, 2018 അൽ -അഹ്സയിലെ  ഒയാസിസ് എന്നിവയാണ് നേരത്തെ പട്ടികയിൽ സ്ഥാനം നേടിയ പൈതൃക പ്രദേശങ്ങൾ. ഇതോടെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആറാമത്തെ കേന്ദ്രമായി ഹിമ ഗ്രാമം മാറി.