Connect with us

National

യെദിയൂരപ്പയുടെ പിന്‍ഗാമിയായി പ്രഹ്ളാദ് ജോഷി? അഭ്യൂഹം ശക്തം; തള്ളി ജോഷി

Published

|

Last Updated

ബംഗളൂരു | കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയായി കേന്ദ്ര കൽക്കരി, ഖനി, പാർലമെന്ററി കാര്യ മന്ത്രി മന്ത്രി പ്രഹ്ളാദ് ജോഷി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ ഉടന്‍ രാജിവെക്കുമെന്ന് യെദിയൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയതോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രഹ്ളാദ് ജോഷി എത്തിയേക്കുമെന്ന പ്രചാരണം ശക്തമാക്കുന്നത്. അതേസമയം, ഈ വാര്‍ത്ത ജോഷി നിഷേധിച്ചു. തന്നോട് കേന്ദ്ര നേതൃത്വം ഇതേകുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജോഷി പറഞ്ഞു.

യെദിയൂരപ്പയുടെ രാജിക്കാര്യത്തില്‍ ഞായറാഴ്ച വ്യകതത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ചയോ അതിന് ശേഷമോ യെദിയൂരപ്പ രാജിവെച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പുതിയ നിര്‍ദേശം ഉടനുണ്ടാകുമെന്നും അത് അനുസരിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. ജൂലൈ 26ന് മന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അന്ന് പുതിയ മുഖ്യമന്ത്രി വരുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

അതേസമയം, ലിംഗായത്ത് സമുദായാംഗമായ യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നത് കര്‍ണാടകയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യം ലിംഗായത്ത് സമുദായ നേതൃത്വം ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ആര്‍എസ്എസ് നേതൃത്വവും ഇക്കാര്യം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. യെദിയൂരപ്പ ഏതെങ്കിലും കാരണത്താല്‍ രാജിവെക്കുകയാണെങ്കില്‍ ലിംഗായത്ത് സമുദായത്തില്‍ പെട്ട ആള്‍ തന്നെ മുഖ്യമന്ത്രിയായി വരണമെന്നാണ് സമുദായ നേതാക്കളുടെ ആവശ്യം. കര്‍ണാടകയില്‍ വ്യക്തമായ സ്വാധീനമുള്ള സമുദായമാണ് ലിംഗായത്ത് സമുദായം. എന്നാല്‍ ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്ന് ഒരാളെ തത്കാലം മുഖ്യമന്ത്രിയാക്കി മകന്‍ വിജേന്ദ്ര യെദ്യൂരപ്പയുടെ ഭാവി സുരക്ഷിതമാക്കാൻ യെദിയൂരപ്പ കരുക്കള്‍ നീക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

പ്രഹ്ളാദ് ജോഷിക്ക് പുറമെ, സി ടി രവി, ബി എല്‍ സന്തോഷ്, മുരുകേഷ് നിരാനി, അരവിന്ദ് ബെല്ലാഡ് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രിപദവിയിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. 2019 ജൂലൈയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണതോടെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Latest